ന്യൂഡല്‍ഹി : ഇന്ദിരാ ഗാന്ധി വിമാനത്താവളത്തില്‍ സ്വര്‍ണ്ണ ബിസ്ക്കറ്റുകളുമായി അഫ്ഗാന് യാത്രികന് പിടിയിയില്‍. വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയ്ക്കിടെയാണ് ഇയാള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. 2019 ഗ്രാം തൂക്കം വരുന്ന രണ്ട് സ്വര്‍ണ്ണ ബിസ്ക്കറ്റുകളാണ് ഇയാളുടെ പക്കല്‍ നിന്നും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.
ഷൂസിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം. വിപണിയില്‍ 72,90,367 രൂപ വിലമതിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാള്‍ കാബൂളില്‍ നിന്നും ഡല്‍ഹിയിലേക്ക് കാം എയര്‍ വിമാനത്തില്‍ വരികയായിരുന്നു എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
ഇതിന് മുന്‍പും സമാനമായ രീതിയില്‍ ഇവിടെ നിന്നും സ്വര്‍ണ്ണം പിടികൂടിയിട്ടുണ്ട്. ഭീകരാക്രമണ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിമാനത്താവളത്തില്‍ കര്‍ശന പരിശോധനയാണ് നടത്തുന്നത്.