ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയ്ക്കും അന്താരാഷ്ട്ര അതിര്‍ത്തിക്കും സമീപത്തെ ലോഞ്ച് പാഡുകളില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ റബ്ബര്‍ ബോട്ടുകള്‍ കണ്ടെത്തിയതായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി. തുടര്‍ന്ന് പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. സ്ഥലത്ത് സുരക്ഷാ സേനയുടെ പെട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്. രാജ്യത്തേക്ക് പാക് ഭീകരര്‍ നുഴഞ്ഞു കയറാന്‍ എത്തിയതായാണ് സംശയിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഏകദേശം 13 ഓളം ബോട്ടുകളാണ് അംഖൂര്, സാംബ, കത്വ പ്രദേശത്തായി കണ്ടെത്തിയത്. ഈ പ്രദേശങ്ങളിലൂടെയാണ് കൃഷ്ണഗംഗ നദി ഒഴുകുന്നത്. നദീ മാര്‍ഗ്ഗം രാജ്യത്തേക്ക് നുഴഞ്ഞ് കയറാനാണ് ഭീകരരുടെ പുതിയ ശ്രമമെന്ന് അധികൃതര്‍ പറഞ്ഞു. ജമ്മു കശ്മീരിലേക്ക് ആയുധങ്ങളുമായെത്തിയതിന് പിന്നാലെ അതിര്‍ത്തികളില്‍ ബോട്ടുകള്‍ കണ്ടെത്തിയത് കൂടുതല്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. 2011 ലും നദി മാര്‍ഗ്ഗം രാജ്യത്തേക്ക് നുഴഞ്ഞ് കയറാന്‍ ഭീകരര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സൈന്യം ശ്രമം പരാജയപ്പെടുത്തി.
നദീ മാര്‍ഗ്ഗം ഭീകരര്‍ രാജ്യത്തേക്ക് നുഴഞ്ഞ് കയറാന്‍ സാധ്യതയുള്ളതായി ദേശീയ സുരക്ഷാ ഏജന്‍സി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കശ്മീരിലേക്ക് നുഴഞ്ഞ് കയറാന്‍ 30 ലോഞ്ച് പാഡുകള്‍ പാകിസ്ഥാന് നിയന്ത്രണ രേഖയ്ക്ക് സമീപം നിര്‍മ്മിച്ചതായി നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിലൂടെ പാക് സൈന്യവും, പാക് രഹസ്യാന്വോഷണ ഏജന്‍സിയായ ഐഎസ്ഐയും ലഷ്കര്‍ ഇ ത്വെയ്ബ, ജെയ്ഷെ മുഹമ്മദ് ഭീകരരെ ഇവിടേക്ക് എത്തിക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ട് .
അഫ്ഗാന് അതിര്‍ത്തിയില്‍ നിന്നും ഏകദേശം 280 പാക് സൈനികര്‍ നിയന്ത്രണ രേഖയ്ക്ക് സമീപം എത്തിയതായും നേരത്തെ സൂചന ലഭിച്ചിരുന്നു. ജമ്മു കശ്മീരില്‍ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ഐഎസ്ഐയും ഇസ്ലമാബാദില് വെച്ച് ഭീകരരും കൂടിക്കാഴ്ച നടത്തിയതായും നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.