ആഗോള പ്രശസ്ത ധനകാര്യസ്ഥാപനങ്ങളായ ഫിനാബ്ലർ, യൂനിമണി, യുഎഇ എക്സ്ചേഞ്ച് എന്നിവയുടെ അബുദാബിയിലെ ആസ്ഥാനത്ത് നടന്ന ഓണാഘോഷം വേറിട്ടതായി. ഓണം ആഗോള സൗഹൃദത്തിന്റെ കൂടി വേദിയാണെന്ന് ഉദ്ഘോഷിക്കുന്നതായിരുന്നു ഈ ആഘോഷം. വിവിധ രാജ്യക്കാരായ ജീവനക്കാർ ആഘോഷങ്ങളുടെ ഭാഗമായി. പൂക്കളമത്സരം, സ്ത്രീകളുടെയും പുരുഷന്മാരുടെയും വടംവലി മത്സരം, കൈകൊട്ടിക്കളി, മാവേലി എഴുന്നള്ളത്ത് തുടങ്ങിയ പരിപാടികൾ ഓണാഘോഷത്തിന് മാറ്റ് കൂട്ടി.
‘ഓണം – യുഎഇ യുടെ സഹിഷ്ണുതാ വർഷത്തിനൊരു സമർപ്പണം’ എന്ന ആശയത്തിലായിരുന്നു ഓണാഘോഷം സംഘടിപ്പിച്ചത്.മത്സരവിജയികൾക്ക് യുഎഇ എക്സ്ചേഞ്ച് സി.ഒ.ഒ വിലാസ് എ. കുട്ടി, ഡെപ്യൂട്ടി സിഎഫ്.ഒ പോൾസ് ഇട്ട്യേരത്ത് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. വിഭവസമൃദ്ധമായ ഓണസദ്യയും ജീവനക്കാർക്കായി ഒരുക്കിയിരുന്നു.. യുഎഇ എക്സ്ചേഞ്ചിന്റെ ദുബായിലെ കൺട്രി ആസ്ഥാനത്തും ശാഖകളിലും ഓണാഘോഷങ്ങൾ നടന്നു.