സംഘാടകരും, പ്രയോജകരുമായുള്ള തർക്കമാണ് പര്യടനം പൂർത്തിയാക്കാതെ ബ്ലാസ്റ്റേഴ്സ് ടീം അംഗങ്ങൾ മടങ്ങാനുള്ള കാരണമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ടീം പ്രധാന പ്രയോജകരായ എമിരേറ്റ്സ് ഫസ്റ്റ് ബിസിനസ്സ് സർവീസ് പര്യടനം മുടങ്ങിയതിൽ തങ്ങളുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്ന വാദവുമായി രംഗത്തെത്തിയത്. ഒരു ലക്ഷം ദിർഹം മുതൽമുടക്കിലാണ് ബ്ലാസ്റ്റേഴ്സ് പര്യടനത്തിന്റെ സ്പോൺസർഷിപ് തങ്ങൾ എടുത്തതെന്നും ഇതിൽ പകുതി തുക നല്കിയതാണെന്നും എമിറേറ്റ്സ് ഫസ്റ്റ് അധികൃതർ വ്യക്തമാക്കി.
പര്യടനം മുടങ്ങിയതിന്റെ വിശദീകരണം നൽകാൻ സംഘാടകരായ മിച്ചി സ്പോർട്സ് ബാധ്യസ്ഥരാണെന്നും, ഇതിനായി നിയമനടപടി സ്വീകരിക്കുമെന്നും എമിറേറ്റ്സ് ഫസ്റ്റ് പ്രതിനിധികൾ അറിയിച്ചു. ഡിസംബറിൽ കേരള ബ്ലാസ്റ്റേഴ്സിനെ യു എ ഇ യിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു എന്നും എമിരേറ്റ്സ് ഫസ്റ്റ് സി ഇ ഓ ജമാദ് ഉസ്മാൻ വ്യക്തമാക്കി.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം സീസൺ മത്സരങ്ങളുടെ മുന്നോടിയായുള്ള പ്രീ സീസൺ മത്സരങ്ങൾക്കായി ഈ മാസം മൂന്നാം തീയതിയാണ് കേരള ബ്ലാസ്റ്റേഴ്സ് ടീം യു എ ഇ യിൽ എത്തിയത്.
യു എ ഇയിലെ പ്രൊഫഷണൽ ടീമുകളുമായി നാല് മത്സരങ്ങൾ ആയിരുന്നു ബ്ലാസ്റ്റേഴ്സിന് ഉണ്ടായിരുന്നത്. ഒരു മത്സരത്തിന് ശേഷം പൊടുന്നനെ ബ്ലാസ്റ്റേഴ്സ് ടീം അംഗങ്ങൾ പര്യടനം അവസാനിപ്പിച്ച് കേരളത്തിലേക്ക് മടങ്ങുകയായിരുന്നു.