കൊച്ചി: കൊച്ചി മെട്രോയിലെ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. അവിട്ടം ദിനമായ ഇന്ന് 9 മണി വരെയുള്ള കണക്കനുസരിച്ച് മെട്രോയില്‍ യാത്ര ചെയ്തത് ഒരു ലക്ഷത്തിലധികം പേര്. മെട്രോയുടെ ചരിത്രത്തിലാദ്യമായാണ് ഇത്രയും യാത്രക്കാര്‍ സഞ്ചരിക്കുന്നത്.
ഓണക്കാലമായതും മഹാരാജാസ് മുതല്‍ തൈക്കൂടം വരെ സര്‍വ്വീസ് ദീര്‍ഘിപ്പിച്ചതും ടിക്കറ്റ് നിരക്കില്‍ ഇളവ് വരുത്തിയതും യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിച്ചു. സാധാരണ ടിക്കറ്റ് നിരക്കിന്റെ പകുതി നിരക്കാണ് നിലവില്‍ ഈടാക്കുന്നത്. സെപ്റ്റംബര്‍ 18 വരെയാണ് കെഎംആര്‍എല്‍ മെട്രോയുടെ ഈ ഇളവ്. പുതിയ അഞ്ച് സ്റ്റേഷനുകള്‍ കൂടി വന്നതോടെ കൊച്ചി മെട്രോയില്‍ ഇപ്പോള്‍ ഇരുപത്തൊന്ന് സ്റ്റേഷനുകളാണ് ഉള്ളത്.
സെപ്തംബര്‍ 7 നാണ് ഇതിന് മുന്‍പ് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ മെട്രോയില്‍ കയറിയത്. 95,285 യാത്രക്കാരാണ് അന്ന് മെട്രോയില്‍ യാത്ര ചെയ്തത്. ഉത്രാട ദിനത്തിലും മെട്രോയില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഉത്രാടത്തിന് ഓരോ മണിക്കൂറിലും മെട്രോയിലൂടെ യാത്ര ചെയ്തത് 8000 പേരാണ്.