പാലക്കാട്: ലൈംഗിക പീഡനപരാതിയില്‍ സസ്പെന്‍ഷനിലായിരുന്ന പി. കെ ശശി പാലക്കാട് ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെത്തി. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഷൊര്‍ണൂര്‍ എംഎല്‍എയുമായ പി.കെ ശശി പാര്‍ട്ടി പ്രവര്‍ത്തകയോട് ലൈംഗിക ചുവയോടുള്ള ഭാഷയില്‍ സംസാരിച്ചതിനെ തുടര്‍ന്നാണ്് പാര്‍ട്ടി അംഗത്വത്തില്‍ നിന്നും ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നത്.
കഴിഞ്ഞ ആഴ്ച ചേര്‍ന്ന സംസ്ഥാന സമിതിയിലാണ് ശശിയെ ജില്ലാ കമ്മിറ്റിയിലേക്ക് വീണ്ടും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. സംസ്ഥാന സമിതിയും ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശം അംഗീകരിച്ചു. ഇന്ന് ചേര്‍ന്ന ജില്ലാ നേതൃയോഗത്തിലാണ് തീരുമാനം റിപ്പോര്‍ട്ട് ചെയ്തത്. അടുത്ത ജില്ലാ കമ്മിറ്റി യോഗത്തില്‍ ശശി പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ നവംബറിലാണ് ശശിയെ സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍ സസ്പെന്ഷന് കാലാവധി മേയില്‍ അവസാനിച്ചെങ്കിലും തിരിച്ചെടുക്കുന്ന കാര്യത്തില്‍ എതിര്‍പ്പുകളുണ്ടായിരുന്നു. ഈ എതിര്‍പ്പുകളെ എല്ലാം മറികടന്നാണ് പാര്‍ട്ടിയിലേക്ക് ശശി മടങ്ങിയെത്തിയത്. കോടിയേരി ബാലകൃഷ്ണന് ഓഗസ്റ്റ് 26ന് പങ്കെടുക്കുന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ ശശിക്ക് പാര്‍ട്ടി അംഗത്വം തിരികെ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ യുവതിയാണ് പി കെ ശശിയ്ക്ക് എതിരെ പീഡനപരാതി നല്‍കിയത്. പരാതി നല്കാന് പിന്തുണച്ചവരെ ഡിവൈഎഫ്ഐ ഒറ്റപ്പെടുത്തിയതില്‍ പ്രതിഷേധിച്ചു പരാതിക്കാരി സംഘടനയില്‍നിന്നും 2 മാസം മുന്‍പ് രാജിവച്ചിരുന്നു.