ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിമാരുമായി ഇന്ന് ചര്‍ച്ച നടത്തും. പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യുന്നതിനായാണ് കൂടിക്കാഴ്ച സംഘടിപ്പിച്ചത്. സംസ്ഥാനങ്ങളില്‍ മാതൃകാ ഭരണം കാഴ്ചവെക്കുക എന്ന രീതിയിലേക്ക് സര്‍ക്കാരുകളെ വളര്‍ത്താനാണ് കോണ്‍ഗ്രസിന്റെ പുതിയ നീക്കം.
പിസിസികളിലെ തര്‍ക്കം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന തരത്തില്‍ വളര്‍ന്ന മധ്യപ്രദേശ്, രാജസ്ഥാന്, പഞ്ചാബ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുമായി സോണിയ ഗാന്ധി പ്രത്യേകം കൂടിക്കാഴ്ച നടത്തും. അതേസമയം, വ്യാഴാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന നേതൃയോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് സോണിയ ഗാന്ധി ഉന്നയിച്ചത്.
കോണ്‍ഗ്രസ് നേതാക്കളുടെ പ്രവര്‍ത്തന ശൈലിയില്‍ സോണിയ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ജനകീയ അടിത്തറ ഇല്ലാത്ത നേതാക്കള്‍ പാര്‍ട്ടിക്ക് ബാധ്യതയാണെന്നും സമൂഹ മാധ്യമങ്ങളില്‍ മാത്രം പ്രതികരിച്ചാല്‍ പോരാ ജനകീയ വിഷയങ്ങളില്‍ നേതാക്കള്‍ നേരിട്ട് ഇടപെടണമെന്നും സോണിയ ഗാന്ധി പറഞ്ഞു.