കൊച്ചി: ഓണത്തിരക്കില്‍ മില്‍മയുടെ ഉല്പന്നങ്ങള്ക്ക് റെക്കോര്‍ഡ് വില്പനയെന്ന് അധികൃതര്‍. മില്‍മയുടെ ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് വില്പനയാണ് ഇക്കുറി ഓണക്കാലത്ത് നടന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഉത്രാട ദിനത്തില്‍ മാത്രം ഒരു കോടി പതിനേഴു ലക്ഷത്തി അറുപതിനായിരം രൂപയുടെ മില്‍മ ഉല്പന്നങ്ങളാണ് വിറ്റുപോയത്.46,60,000 ലിറ്റര്‍ പാലും 5,89,000 ലിറ്റര്‍ തൈരുമാണ് ഇക്കുറി കേരളത്തില്‍ വില്പന നടത്തിയത്.
അതേസമയം കൊച്ചിയിലും തിരുവനന്തപുരത്തും ആരംഭിച്ച മൊബൈല്‍ ആപ്പ് വഴിയുള്ള വില്പനയ്ക്കും മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും മില്‍മ അധികൃതര്‍ അറിയിച്ചു. ആപ്പ് വഴി കൊച്ചിയില്‍ മാത്രം വിറ്റത് എണ്ണൂറ് പാക്കറ്റ് പാലുകളാണ്.
ആവശ്യക്കാര്‍ വര്‍ധിച്ചതോടെ കേരളത്തിലെ ക്ഷീര കര്‍ഷകരില്‍ നിന്ന് ശേഖരിച്ചത് കൂടാതെ കര്‍ണ്ണാടക മില്‍ക് ഫെഡറേഷനില്‍ നിന്ന് കൂടി പാല് വാങ്ങിയാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയത്.
നേരത്തെ, മില്‍മ ഉല്പന്നങ്ങള്ക്ക് വില കൂട്ടിയിരുന്നുവെങ്കിലും ഓണക്കാലം പരിഗണിച്ച് സാധാരണ വില തന്നെയായിരുന്നു ഈടാക്കിയത്. സെപ്റ്റംബര്‍ 21 ഓടെ വര്‍ധിപ്പിച്ച വില പ്രാബല്യത്തില്‍ വരുമെന്നാണ് മില്‍മ ഫെഡറേഷന് അറിയിച്ചത്.
ലിറ്ററിന് നാല് രൂപയാണ് വര്‍ധിപ്പിച്ചത്. ഏഴ് രൂപ കൂട്ടണമെന്നായിരുന്നു മില്‍മ ആവശ്യപ്പെട്ടത്. വില വര്‍ധനവ് നിലവില്‍ വരുന്നതോടെ ഇളം നീല കവര്‍ പാല് ലിറ്ററിന് 40 രൂപയില്‍ നിന്നും 44 ആകും. കടും നീല കവര്‍ പാല് ലിറ്ററിന് 41 രൂപയില്‍ നിന്നും 45 ആകും. പുതുക്കിയ വിലയുടെ 83.75% കര്ഷകന് നല്‍കാനാണ് തീരുമാനം. 2017 ഫെബ്രുവരിയിലാണ് അവസാനമായി മില്‍മ പാലിന് വില കൂട്ടിയത്.