ഇസ്ലാമബാദ്: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ പ്രതിഷേധ റാലിയുമായി ഇമ്രാന്ഖാന്. പാക് അധീന കശ്മീരിലെ മുസഫറാബാദില്‍ ഇമ്രാന് ഖാന് പ്രഖ്യാപിച്ച പ്രതിഷേധ റാലി സമ്മേളനത്തിന് ഇന്ന് തുടക്കം. പാകിസ്ഥാന് കശ്മീര്‍ ജനതയ്ക്കൊപ്പമാണെന്നും, ലോകശ്രദ്ധ കശ്മീരിലേക്ക് എന്നീ മുദ്രവാക്യങ്ങള്‍ ഉയര്‍ത്തി പിടിച്ചാണ് ഇക്കുറി ഇമ്രാന് ഖാന് റാലി സംഘടിപ്പിക്കുന്നത്.
റാലിയില്‍ ഇമ്രാന് നയപ്രഖ്യാപന പ്രസ്താവന നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. പാക് വിദേശകാര്യ മന്ത്രാലമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കശ്മീരിന്റെ പ്രത്യേക അവകാശം റദ്ദാക്കിയ ഇന്ത്യയുടെ തീരുമാനത്തിനെതിരെ ലക്ഷ്യമിട്ടുള്ളതാണ് ഇമ്രാന്റെ നയപ്രഖ്യാപനം. വന്‍ റാലിക്കായി സെപ്റ്റംബര്‍ 11-നായിരുന്നു ഇമ്രാന് ട്വീറ്റിലൂടെ ആഹ്വാനം ചെയ്തത്. കശ്മീര്‍ വിഷയത്തില്‍ നിരന്തരം ഇടപെടല്‍ നടത്തിയിട്ടും വിജയിക്കാതെ വന്നപ്പോഴാണ് ഇമ്രാന് പുതിയ നീക്കവുമായി രംഗത്തെത്തിയത്.
കശ്മീര്‍ വിഷയം അന്താരാഷ്ട്രതലത്തില്‍ എത്തിക്കുന്നതില്‍ പാകിസ്ഥാന് പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് കശ്മീര്‍ വിഷയത്തില്‍ ഇടപെടില്ലെന്ന് യുഎന്‍ കൂടി വ്യക്തമാക്കിയതോടെ പാകിസ്ഥാന് ഒറ്റപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ലോക ശ്രദ്ധ ആകര്‍ഷിക്കാനുള്ള പുതിയ നീക്കത്തിലേക്ക് ഇമ്രാന് എത്തിയത്.
മുസഫറാബാദില്‍ റാലിക്ക് ഒരുക്കം തുടങ്ങിയതോടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്ത്യ സുരക്ഷ ശക്തമാക്കി. കഴിഞ്ഞ ദിവസം യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ കശ്മീരിനെക്കുറിച്ചുള്ള പാക് വാദങ്ങള്‍ക്കെതിരെ ഇന്ത്യ ആഞ്ഞടിച്ചിരുന്നു. ഒരു വശത്ത് ഭീകരവാദം വളര്‍ത്തുന്ന പാക്കിസ്ഥാന് തീര്‍ത്തും അടിസ്ഥാനരഹിതവുമായ കള്ളക്കഥകള്‍ മെനയുകയാണെന്ന് ഇന്ത്യ യുഎന്നില്‍ വ്യക്തമാക്കിയിരുന്നു.
കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും മൂന്നാമതൊരാള്‍ ഇടപെടേണ്ടതില്ലെന്നും ഇന്ത്യ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. എന്നാല്‍ കശ്മീര്‍ വിഷയത്തില്‍ രാജ്യാന്തര കോടതികളും സംഘടനകളും ഇടപെടുന്നതിനായാണ് പാകിസ്ഥാന് ശ്രമിക്കുന്നത്.
അതേസമയം, കശ്മീര്‍ വിഷയം കഴിഞ്ഞതാണെന്നും ഇനി പാക് അധീന കശ്മീരിനെ തിരിച്ചു പിടിക്കുന്നതിനാണ് ഇന്ത്യ ആലോചിക്കുന്നതെന്നും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പാക് അധീന കശ്മീരിനായി എന്തിനും സൈന്യം തയ്യാറാണെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്തും വ്യക്തമാക്കിയിരുന്നു.