തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിക്കൊപ്പം 10 ജില്ലകളില്‍ സാറ്റ്ലൈറ്റ് സിറ്റികള്‍ ഉയരും. പുതിയ സ്റ്റേഷനുകള്‍ ആരംഭിക്കുന്ന കൊച്ചുവേളി, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, കാക്കനാട്, തൃശൂര്‍, തിരൂര്‍, കോഴിക്കോട്,കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് സാറ്റലൈറ്റ് സിറ്റികളാക്കുന്നത്.
പുതിയ നിലവാരതോടെയുള്ള സറ്റേഷനുകളോട് ചേര്‍ന്ന് ഷോപ്പിംഗ് മാളുകള്‍, ഹോട്ടലുകള്‍, പാര്‍പ്പിട സമുച്ചയങ്ങള്‍, പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍, ഐ.ടി പാര്‍ക്കുകള്‍ എന്നിവ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി ഉള്ള കണ്‍സള്‍ട്ടന്‍സിയെ കണ്ടെത്താന്‍ കേരള റെയില്‍വേ വികസന കോര്പ്പറേഷന് ടെന്‍ഡര്‍ വിളിച്ചു. 65,000 കോടി രൂപ ചെലവുള്ള സെമി-ഹൈസ്പീഡ് റെയില്‍വേ പദ്ധതി ലാഭകരമാക്കാനാണ് സ്റ്റേഷനുകള്‍ക്കടുത്ത് ഉപഗ്രഹനഗരങ്ങള്‍ സ്ഥാപിക്കുന്നത്. 8656 കോടി ചെലവില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്ന 1226.45 ഹെക്ടര്‍ ഭൂമിയിലാവും പുതുനഗരങ്ങള്‍ ഉയരുക. ഉപഗ്രഹനഗരങ്ങളോട് അനുബന്ധിച്ച് വൈദ്യുതി വാഹനങ്ങളുടെ പൊതുഗതാഗത സംവിധാനങ്ങള്‍ ഉണ്ടാവും. വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.
കൊച്ചുവേളിയില്‍ നിലവിലെ സ്റ്റേഷനുകളുടെ വലതു ഭാഗത്തായാണ് അതിവേഗ റെയില്‍ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. കൊച്ചുവേളിയില്‍ നിന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് 4.35 കിലോമീറ്ററില്‍ എക്സ്റ്റന്‍ഷന്‍ ലൈന്‍ സ്ഥാപിക്കും.
സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി യാഥാര്‍ഥ്യമായാല്‍ തിരുവനന്തപുരത്ത് നിന്നും ഒന്നര മണിക്കൂറിനുള്ളില്‍ എറണാകുളത്തും, നാല് മണിക്കൂറിനുള്ളില്‍ കാസര്‍കോട്ടും എത്താന്‍ കഴിയും. 2018 ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണിത്. ഒരു വര്‍ഷത്തെ സാധ്യതാപഠനത്തിന് ശേഷം ലാഭകരമായി നടപ്പാക്കാനാവുമെന്ന് കണ്ടെത്തിയതോടെയാണ് പദ്ധതിയുമായി മുന്നോട്ടുപോകാമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്.