ന്യൂഡല്‍ഹി : തീവണ്ടികളില്‍ വെള്ളം ഇല്ലാത്തതിന്റെ പേരില്‍ ഇനി യാത്രക്കാര്‍ ബുദ്ധിമുട്ടില്ല. വെള്ളപ്രശ്നം പരിഹരിക്കാന്‍ ദ്രുത വേഗ ജല സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍ വേ. അതിവേഗത്തില്‍ കോച്ചുകളിലേക്ക് വെള്ളം നിറയ്ക്കാനുള്ള സംവിധാനമാണ് ഇത്. തീവണ്ടികളില്‍ വെള്ളം ലഭിക്കുന്നില്ലെന്ന യാത്രക്കാരുടെ നിരന്തര പരാതിയെ തുടര്‍ന്നാണ് പുതിയ സംവിധാനത്തിന് ഇന്ത്യന്‍ റെയില്‍വേ രൂപം നല്‍കിയിരിക്കുന്നത്. ബഗല്‍പൂര്‍ ജംഗ്ഷന് റെയില്‍ വേ സ്റ്റേഷനില്‍ ഇത് ഉപയോഗിച്ചുള്ള പ്രവര്‍ത്തനം ആരംഭിച്ചതായും റെയില്‍ വേ അധികൃതര്‍ വ്യക്തമാക്കി.
ജലനഷ്ടം കുറച്ചു വേഗത്തില്‍ കോച്ചുകളില്‍ വെള്ളം നിറയ്ക്കാം എന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രധാന പ്രത്യേകത. നാല് ഇഞ്ച് വലിപ്പത്തിലുള്ള പൈപ്പുകള്‍ ഉപയോഗിച്ചാണ് നിലവില്‍ തീവണ്ടികളില്‍ വെള്ളം നിറയ്ക്കുന്നത്. എന്നാല്‍ പുതിയ സംവിധാനത്തിലെ പൈപ്പുകള്‍ക്ക് ആറ് ഇഞ്ച് വലിപ്പവും ഉയര്‍ന്ന സമ്മര്‍ദ്ദത്തിലുള്ള മോര്ട്ടറുകളുമാണ് ഉള്ളത്. മൂന്ന് പമ്പുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ 24 കോച്ചുകളുള്ള രണ്ട് തീവണ്ടികളില്‍ ഒരുമിച്ച് വെള്ളം നിറയ്ക്കാനാകും. മണിക്കൂറില്‍ 24 m3 വെള്ളമാണ് കോച്ചുകളില്‍ നിറയുക.
വരും ദിവസങ്ങളില്‍ കൂടുതല്‍ റെയില്‍ വേ സ്റ്റേഷനുകളില്‍ സംവിധാനം വ്യാപിപ്പിക്കാനാണ് തീരുമാനം. പുതിയ സംവിധാനം യാത്രക്കാരുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം നല്‍കുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതര്‍ പറഞ്ഞു.