ലക്നൗ: പോത്ത് മോഷണത്തിന് പിന്നാലെ ആട് മോഷണവും. സമാജ്വാദി നേതാവും എംപിയുമായ അസംഖാനെതിരെ എഫ്ഐആര്‍. രാംപൂര്‍ പബ്ലിക് ഗേറ്റ് സ്വദേശിയായ നസീമ ഖട്ടൂന്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നടപടി. പരാതിയില്‍ അസംഖാനടക്കം എട്ടുപേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
2016 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം. അസംഖാനും സംഘവും വീട് കൊള്ളയടിച്ച് സ്വര്‍ണം, മൂന്ന് പോത്തുകള്‍, പശു, നാല് ആടുകള്‍ എന്നിവ മോഷ്ടിച്ചുവെന്നാണ് നസീമ നല്കിയ പരാതിയില്‍ പറയുന്നത്.
20 വര്‍ഷത്തോളമായി നസീമയും കുടുംബവും വഫഖ് ബോര്‍ഡിന്റെ അധീനതയിലുള്ള ഭൂമിയിലാണ് താമസിക്കുന്നത്. എന്നാല്‍ പ്രദേശത്ത് സ്കൂള്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലം ഒഴിയാന്‍ അസംഖാന് നിരന്തരം ആവശ്യപ്പെട്ടിരുന്നതായും നസീമ പറഞ്ഞു.
നിലവില്‍ 82 കേസുകളാണ് അസം ഖാനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഭൂമി ഇടപാടുമായും കര്‍ഷകര്‍ നല്കിയ പരാതികളുടെയുമെല്ലാം അടിസ്ഥാനത്തിലാണ് അസംഖാനെതിരെ കേസുകളുള്ളത്. കൂടാതെ പോത്തിനെ മോഷ്ടിച്ച കേസില്‍ അസംഖാനെതിരെ നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുന്‍ സര്‍ക്കിള്‍ ഓഫീസര്‍ അലേ ഉള്‍പ്പെടെ നാല് പേരാണ് ഈ കേസിലെ പ്രതി പട്ടികയിലുള്ളത്.
ഘോസിയാന്‍ യത്തീംഖാനയ്ക്ക് സമീപമുള്ള വാടക വീട്ടില്‍ അതിക്രമിച്ചു കയറി നാശനഷ്ടങ്ങളുണ്ടാക്കുകയും പോത്തിനെ മോഷ്ടിച്ച് കൊണ്ടുപോയെന്നുമായിരുന്നു പരാതി.സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതില്‍ ലോക്സഭയില്‍ രണ്ട് മാസം മുമ്പ് അസംഖാന് മാപ്പ് പറഞ്ഞിരുന്നു.