ചണ്ഡിഗഡ് : പാക് അധീന കശ്മീരിനെ പാകിസ്ഥാന് ഇന്ത്യയ്ക്ക് കൈമാറണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അതാവല. പാക് അധീന കശ്മീരില്‍ താമസിക്കുന്ന ജനങ്ങള്‍ ഇന്ത്യയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നുണ്ട്. നിലവില്‍ അവര്‍ അസന്തുഷ്ടരാണ്. അതിനാല്‍ പാകിസ്ഥാന് നിര്‍ബന്ധമായും പാക് അധീന കശ്മീര്‍ തിരിച്ചു നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ചാണ്ഡിഗഡില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
കശ്മീരിന്റെ പ്രത്യേക അധികാരമായ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി ചരിത്രപരമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ച നടപടിക്കെതിരെ പാകിസ്ഥാന് പല തരത്തില്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ അടുത്ത് അതൊന്നും വിലപോയില്ലെന്നും അദ്ദേഹം പറഞ്ഞു. പാക് അധീന കശ്മീരിലെ ജനങ്ങള്‍ അസന്തുഷ്ടരാണെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാക് അധീന കശ്മീരിനെ കൈമാറിയാല്‍ അവിടെ നിരവധി വ്യവസായങ്ങള്‍ ആരംഭിക്കാന്‍ സാധിക്കും. അതോടൊപ്പം ദാരിദ്രത്തിനും, തൊഴിലില്ലായ്മയ്ക്കും എതിരെ പോരാടാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, പാകിസ്ഥാനെ സഹായിക്കാനും തങ്ങള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യയുടെ സൈന്യം ശക്തമാണ്. ഭീകരവാദവും, ഭീകരവാദികളെയും കാട്ടി പാകിസ്ഥാന് ഭയപ്പെടുത്തേണ്ടതില്ല. കാര്‍ഗില്‍ പോലുള്ള യുദ്ധങ്ങളില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നെന്നും അതാവലെ വ്യക്തമാക്കി.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു പിന്നാലെ ജമ്മുകശ്മീരിനെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചിരുന്നു. കശ്മീര്‍ താഴവരയില്‍ സ്ഥിതി ഇപ്പോള്‍ പഴയതിനേക്കാള്‍ ശാന്തമാണ്. ഇവിടുത്തെ ജനങ്ങള്‍ വളരെയധികം സന്തോഷത്തിലാണെന്നും അതാവലെ സൂചിപ്പിച്ചു. നേരത്തെ പല പദ്ധതികളും കശ്മീരില്‍ നടപ്പാക്കാന്‍ സാധിച്ചിരുന്നില്ല. കശ്മീരില്‍ നിലനിന്നിരുന്ന അഴിമതിയും, അരാചകത്വവും പൂര്‍ണമായും തുടച്ചു നീക്കാന്‍ സാധിക്കും. ഇവിടെ പൂര്‍ണവികസനം സാധ്യമാകുമെന്നും അതാവലെ പറഞ്ഞു.