ന്യൂഡല്‍ഹി: ഹരിതവല്‍കരണ പദ്ധതിയില്‍ തദ്ദേശവികസനസ്ഥാപനങ്ങളുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം റെയില്‍വേ സ്റ്റേഷനുകളെയും മാലിന്യ മുക്തമാക്കാന്‍ പദ്ധതി. തദ്ദേശസ്ഥാപനങ്ങള്‍ പ്രദേശത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ സ്റ്റേഷനും പരിസരവും പരിഗണിക്കണമെന്നാണ് പുതിയ കര്‍മ്മപദ്ധതിയില്‍ പറയുന്നത്.
പദ്ധതി പ്രകാരം പുറമ്പോക്കിലെ കയ്യേറ്റവും മാലിന്യം തളളല് തടയാനുമായി പ്രത്യേക ബജറ്റ് അനുവദിച്ചിട്ടുണ്ട്. മതില്‍കെട്ടി സ്റ്റേഷനെ സംരക്ഷിക്കാന്‍ 650 കോടി രൂപയാണ് റെയില്‍വേ ബോര്‍ഡ് അനുവദിച്ചത്. 2 വര്‍ഷത്തിനകം നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് റെയില്‍വേയുടെ തീരുമാനം.
റെയില്‍വേ പരിസരങ്ങളില്‍ മാലിന്യം തള്ളുന്നത് വ്യാപകമായതിനാല്‍ മേഖലയില്‍ സിസിടിവി ക്യാമറകളുടെ സാന്നിദ്ധ്യം ഉറപ്പാക്കും. എല്ലാ പ്രധാന സ്റ്റേഷനുകളിലും 2 വര്‍ഷത്തിനകം സിസിടിവി സ്ഥാപിക്കുമെന്നും റെയില്‍വേ ബോര്‍ഡ് വ്യക്തമാക്കി. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് സമിതികള്‍ ഉണ്ടാക്കാനും തീരുമാനമായി.
കര്‍മ്മപദ്ധതി പ്രകാരം തിരുവനന്തപുരം സെന്‍ട്രല്‍ ഉള്‍പ്പെടെ 37സ്റ്റേഷനുകളെയാണ് ഇക്കോ സ്മാര്‍ട്ട് സ്റ്റേഷനാക്കാന്‍ പദ്ധതിയിടുന്നത്. സ്റ്റേഷന് തലത്തില്‍ സ്റ്റേഷന് മാസ്റ്റര്‍, ഡിവിഷന് തലത്തില്‍ എഡിആര്‍എം, മേഖലാ തലത്തില്‍ എജിഎം എന്നിവര്‍ക്കാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ചുമതല നല്‍കിയിരിക്കുന്നത്.
അതേസമയം, രാജ്യത്തെ 12 റെയില്‍വേ സ്റ്റേഷനുകള്‍ക്ക് പ്രകൃതി സൗഹൃദ സ്ഥാപനങ്ങള്‍ക്കുള്ള ഹരിത സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചു. അതോടൊപ്പം 50 വര്‍ക് ഷോപ്പുകള്‍ക്കും പ്രൊഡക്ഷന്‍ യൂണിറ്റുകള്‍ക്കും സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. റെയില്‍വേ നിര്‍മാണ കേന്ദ്രങ്ങളിലും വര്‍ക്ഷോപ്പുകളിലും ഹരിതവല്‍കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനുള്ള ധാരണാ പത്രത്തില്‍ ഇന്ത്യന്‍ റെയില്‍വേയും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസും ഒപ്പു വെച്ചതായി റെയില്‍വേ സഹമന്ത്രി സുരേഷ് അംഗതി പറഞ്ഞു.