ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ വീണ്ടും പ്രകോപന പരാമര്‍ശങ്ങളുമായി പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. ഇന്ത്യക്കെതിരെ പ്രമുഖ രാജ്യങ്ങള്‍ ഒന്നുചേര്‍ന്ന് ഉപരോധം ഏര്‍പ്പെടുത്തണമെന്നും കശ്മീര്‍ വിഷയത്തില്‍ ചൈനയും റഷ്യയും ഇടപെടണമെന്നും ഇമ്രാന് ഖാന് ആവശ്യപ്പെട്ടു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം സ്ഫോടനാത്മകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം,കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാനാകില്ലെന്ന് പാക് സര്‍ക്കാര്‍ നിയോഗിച്ച സമിതി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുന്നത് സംബന്ധിച്ചുള്ള നിയമ വശങ്ങള് പരിശോധിക്കാനായി ഇമ്രാന് ഖാന് നിയോഗിച്ച സമിതിയാണ് അന്താരാഷ്ട്ര കോടതിയില്‍ കേസ് നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയത്. കശ്മീരില്‍ അടിയന്തിരമായി ഇടപെടണമെന്ന പാകിസ്ഥാന്റെ ആവശ്യം ഐക്യരാഷ്ട്ര സംഘടനയും തള്ളി കളഞ്ഞിരുന്നു.