കൊച്ചി: മരടിലെ ഫ്ളാറ്റ് ഉടമകള്‍ക്ക് നീതി ഉറപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഇരയ്ക്കൊപ്പമാണോ വേട്ടക്കാരനൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.
സബ് കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പിന്‍വലിക്കണം. റിപ്പോര്‍ട്ട് തെറ്റിയെന്ന് സുപ്രീംകോടതിയെ അറിയിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം, ഫ്ളാറ്റുകള്‍ ഒഴിയാന്‍ നഗരസഭ അനുവദിച്ച കാലാവധി ഇന്ന് അവസാനിക്കും. വൈകുന്നേരം അഞ്ചു മണിക്കുള്ളില്‍ എല്ലാവരും ഫ്ളാറ്റുകള്‍ വിട്ടൊഴിയണം എന്നാണ് നഗരസഭ നല്കിയ നോട്ടീസില്‍ പറയുന്നത്. പ്രതിഷേധം ശക്തമാക്കിയ ഫ്ളാറ്റുടമകള്‍ ഇന്ന് നഗരസഭയ്ക്ക് മുന്നില്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങി.
ഏതുകേസിലും താമസസ്ഥലം ഒഴിയണമെങ്കില്‍ 15 ദിവസമാണ് കാലാവധി. അഞ്ച് ദിവസം കൊണ്ട് ഒഴിയണമെന്ന നഗരസഭയുടെ നോട്ടീസ് നിയമലംഘനമാണെന്ന് ഫ്ളാറ്റുടമകള്‍ ചൂണ്ടിക്കാണിച്ചു. ഇതിനെതിരെ തിങ്കളാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും. ഒരു കാരണവശാലും ഫ്ളാറ്റുകള്‍ ഒഴിയില്ലെന്നും ഉടമകള്‍ വ്യക്തമാക്കി.