India

മന്ത്രിമാര്‍ ഇനി സ്വന്തം പണമെടുത്ത് നികുതി അടയ്ക്കണം; നാല്പത് വര്‍ഷമായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നികുതി അടയ്ക്കുന്ന നിയമത്തിന് വിരാമമിട്ട് യോഗി ആദിത്യനാഥ്

ഉത്തര്‍പ്രദേശ് :ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഇനി സ്വന്തം പണമെടുത്ത് നികുതി അടയ്ക്കണം. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് മന്ത്രിമാരുടെ നികുതി അടയ്ക്കുന്ന രീതി അവസാനിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തീരുമാനമെടുത്തു. നാല് പതിറ്റാണ്ട് പഴക്കമുള്ള നിയമത്തിന്റെ പിന്‍ബലത്തില്‍ സര്‍ക്കാര്‍ ഖജനാവിന് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടായത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം.

1981-ല്‍ വി.പി സിങ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് കൊണ്ടു വന്ന നിയമം മുഖേനയാണ് യു.പിയില്‍ മുഖ്യമന്ത്രിമാരും മന്ത്രിമാരും ആദായ നികുതിയുടെ പരിധിയില്‍ നിന്ന് ഒഴിഞ്ഞ് നിന്നത്. ഇതിനെതിരെ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ശക്തമായ വിമര്‍ശനം നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഉത്തര്‍പ്രദേശ് മിനിസ്റ്റേഴ്സ് സാലറീസ്, അലവന്‍സസ് ആന്‍ഡ് മിസിലിനിയര്‍ ആക്ട് പൊളിച്ചെഴുതാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കിയത്. ധനമന്ത്രി സുരേഷ് കുമാര്‍ ഖന്നയാണ് ഇക്കാര്യ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

വിശ്വനാഥ് പ്രതാപ് സിംഗ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടപ്പിലാക്കിയ ഈ നിയമം ഇതുവരെ 19 മുഖ്യമന്ത്രിമാരുടെ കാലഘട്ടങ്ങളില്‍ തടസ്സമില്ലാതെ ആവര്‍ത്തിച്ചു. പത്തൊന്‍പത് മുഖ്യമന്ത്രിമാരും ആയിരത്തോളം മന്ത്രിമാരും നിയമത്തിന്റെ ആനുകൂല്യം കൈപറ്റി എന്നാണ് റിപ്പോര്‍ട്ട്. മിക്ക മന്ത്രിമാരുടെയും സാമ്പത്തിക പശ്ചാത്തലം മോശമായതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ആദായനികുതി ഭാരം വഹിക്കണമെന്ന വാദത്തെ തുടര്‍ന്നാണ് നിയമം നടപ്പിലാക്കിയത്.

എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ മന്ത്രിമാരുടെ ശമ്പളത്തില്‍ ഉള്‍പ്പെടെ പതിന്‍മടങ്ങ് വര്‍ദ്ധനവുണ്ടായത് കണക്കാക്കാതെ നിയമം തുടര്‍ന്ന് പോരുകയായിരുന്നു.
കഴിഞ്ഞ മുപ്പത്തെട്ട് കൊല്ലങ്ങള്‍ക്കിടെ മന്ത്രിമാരുടെ ശമ്പളം 40 മടങ്ങാണ് വര്‍ദ്ധിച്ചത്. ഇപ്പോള്‍ മുഖ്യമന്ത്രിയ്ക്ക് 40000 രൂപയും മറ്റു മന്ത്രിമാര്‍ക്കും സഹമന്ത്രിമാര്‍ക്കും 35000 രൂപയുമാണ് അടിസ്ഥാന ശമ്പളം. അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് വിവാദങ്ങളില്‍ കുടുങ്ങിയിരുന്ന ജനപ്രതിനിധികളുടെ പോലും ആദായി നികുതി ഇതുവരെ അടച്ചിരുന്നത്  സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണ്.

2012 ല്‍ രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള സത്യവാങ്മൂലം പ്രകാരം 111 കോടി രൂപയാണ് ബഹുജന്‍ സമാജ് പാര്‍ട്ടി മേധാവി മായാവതിയുടെ ആസ്തി. മുന്‍ മുഖ്യമന്ത്രി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന് ഭാര്യ ഡിംപിളിനൊപ്പം 37 കോടി രൂപയുടെ സ്വത്ത് ഉണ്ടെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിനായി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആസ്തി 95,98,053 രൂപയാണ്.

വലിയ തുക നികുതി അടയ്ക്കുന്ന സാധാരണക്കാരെ ഞെട്ടിയിക്കുന്ന വാര്‍ത്തയാണിതെന്ന് പൊതുവെ അഭിപ്രായമുയര്‍ന്നിരുന്നു.എല്ലാ ആനുകൂല്യങ്ങളും ഉള്ളവരുടെ ഭാരം എന്തിനാണ് സര്‍ക്കാര്‍ വഹിക്കുന്നതെന്ന ചോദ്യമാണ് പൊതു ജനം ഉയര്‍ത്തിയത്. സര്‍ക്കാര്‍ ഖജനാവിന് അധിക ബാധ്യത വരുത്തുന്നതിന് പകരം അവര്‍ സ്വയം പണം നല്‍കണമെന്നും അഭിപ്രായങ്ങളുയര്‍ന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യോഗി ആദിത്യനാഥ് നിര്‍ണ്ണായക തീരുമാനം കൈക്കൊണ്ടത്. പ്രതിപക്ഷ പാര്‍ട്ടികളും യോഗി ആദിത്യനാഥിന്റെ തീരുമാനത്തിന് പിന്തുണ നല്കി കൂടെ നിന്നു.

8K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close