ഹൂസ്റ്റണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേല്‍ക്കാന്‍ ഇന്ത്യന്‍-അമേരിക്കന്‍ സമൂഹം ഹൂസ്റ്റണില്‍ സംഘടിപ്പിക്കുന്ന ‘ഹൗഡി മോദി’ ചടങ്ങിലേക്ക് അമേരിക്കയിലെ പ്രശസ്തരായ അറുപത് നിയമജ്ഞര്‍ പങ്കെടുക്കും. ആദ്യത്തെ അമേരിക്കന്‍ ഹിന്ദു കോണ്‍ഗ്രസ് നേതാവായ തുളസി ഗാബര്ഡും, ഇന്ത്യന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് നേതാവുമായ രാജ കൃഷ്ണമൂര്‍ത്തിയും ചടങ്ങില്‍ പങ്കെടുക്കും.
സെപ്റ്റംബര്‍ 22 ന് എന്‍.ആര്.ജി സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ 50,000 ത്തോളം പേര് പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ചടങ്ങില്‍ നിയമജ്ഞരെ കൂടാതെ കോണ്‍ഗ്രസ് നേതാക്കള്‍, സെനറ്റ് പ്രതിനിധികള്‍, വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരും പങ്കെടുക്കും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച വളരെയധികം പ്രതീക്ഷയോടെയാണ് ഏവരും കാത്തിരിക്കുന്നത്.
പ്രധാനമന്ത്രി മോദിയുടെ വിഷന്‍ എന്താണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് അമേരിക്കയിലെ നിയമജ്ഞരെന്ന് എക്സ്പെഡിയന് സിഇഒ ജതിന് അഗര്‍വാള്‍ അറിയിച്ചു. നഗരത്തിലെ ഏറ്റവും വലിയ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന ആദ്യത്തെ പരിപാടിയാണിത്. അതുകൊണ്ടു തന്നെ ചടങ്ങ് മികച്ച വിജയമാക്കാന്‍ ഒരു പാട് വെല്ലുവിളികളുണ്ടെന്നും പരിപാടിയുടെ സംഘാടകന്‍ കൂടിയായ അഗര്‍വാള്‍ അറിയിച്ചു.
2014-ല്‍ അധികാരം ഏറ്റതിനു ശേഷം പ്രധാനമന്ത്രി അമേരിക്കന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുന്ന മൂന്നാമത്തെ പരിപാടിയാണ് ഹൂസ്റ്റണില്‍ നടക്കുക. 2014-ല്‍ ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്വകയറിലും, 2016-ല്‍ സിലിക്കണ്‍ വാലിയിലുമാണ് നേരത്തെ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടികള്‍. രണ്ട് പരിപാടിയിലും ഏകദേശം 20,000 പേരാണ് പങ്കെടുത്തത്.
അമേരിക്കന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് ഹൂസ്റ്റണ്‍. കൂടാതെ ഇന്ത്യയും ടെക്സസും തമ്മിലുള്ള വ്യാപാര ബന്ധം വളരെ മികച്ചതാണ്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ ടെക്സസിന് വളരെയധികം പങ്കുണ്ട്. ഇതാണ് പ്രധാനമായും ചടങ്ങിനായി ഹൂസ്റ്റണ്‍ തിരഞ്ഞെടുത്തതെന്ന് ജതിന് അഗര്‍വാള്‍ വ്യക്തമാക്കുന്നു.
അതേസമയം ആരോഗ്യരംഗത്തും,മെഡിക്കല്‍ ഗവേണങ്ങളിലും, നൂതന ചികിത്സയുമായി ബന്ധപ്പെട്ടും ടെക്സസുമായി ഇന്ത്യയ്ക്ക് സഹകരണം ഉറപ്പാക്കേണ്ടതുണ്ട്.
ചടങ്ങില്‍ വാള്‍മാര്‍ട്ട്, ലിയോണ്ടല്‍ ബേസല്‍, മാക്ഡോര്മോട്ട്, എക്സോണ്‍, ഷെല്‍ തുടങ്ങി നിരവധി കമ്പനികളുടെ തലവന്മാരും പങ്കെടുക്കുന്നുണ്ടെന്ന് അഗര്‍വാള്‍ വ്യക്തമാക്കി.