ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ദേശീയ പൗരത്വ രജിസ്റ്റര്‍ ചര്‍ച്ചകള്‍ രാജ്യത്ത് ചൂടുപിടിച്ചു നില്ക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച എന്നത് നിര്‍ണ്ണായകമാണ്. കൂടിക്കാഴ്ചയില്‍ ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്ന് ഒഴിവാക്കപ്പെട്ട ആളുകളെക്കുറിച്ചുള്ള ധാക്കയുടെ ആശങ്കകള്‍ ചര്‍ച്ച ചെയ്യുമെന്നാണ് സൂചന .ഒക്ടോബര്‍ 3 മുതല്‍ 6 വരെയാണ് ഷെയ്ഖ് ഹസീനയുടെ ഇന്ത്യാ സന്ദര്‍ശനം .പ്രധാനമന്ത്രി നരേന്ദ്രമാദിയുമായി ചര്‍ച്ച നടത്തുന്നതിനു പുറമേ ഒക്ടോബര്‍ 4 ന് നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിന്റെ ഇന്ത്യാ സാമ്പത്തിക ഉച്ചകോടിയെ ഷെയ്ഖ് ഹസീന അഭിസംബോധന ചെയ്യും.
നിയമവിരുദ്ധമായി ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയ പൗരന്മാരുടെ കാര്യത്തില്‍ ഇന്ത്യ സ്വീകരിക്കുന്ന നിലപാട് ബംഗ്ലാദേശിനെ ബോധ്യപ്പെടുത്തേണ്ടി വരുമെന്ന് അസം ധനമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ ഉള്‍പ്പെടെയുള്ള രാഷ്ട്രീയക്കാരുടെ പരസ്യ അഭിപ്രായങ്ങള്‍ ആശങ്കകള്‍ക്ക് കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അസമിലെ അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുന്ന ഇന്ത്യയുടെ പക്രിയ ആഭ്യന്തര കാര്യമാണെന്ന് ബംഗ്ലാദേശ് സന്ദര്‍ശിച്ച വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര് വ്യക്തമാക്കിയിരുന്നു.അസമിലെ എന്‍ആര്‍സിയില്‍ നിന്ന് പുറത്തുപോയ 1.9 ദശലക്ഷം പേരുടെ വിധി നിര്‍ണ്ണയിക്കാനുള്ള നടപടിക്രമങ്ങള്‍ സമയമെടുക്കുമെന്നും വിദേശകാര്യ ട്രൈബ്യൂണലുകളിലേക്കും ഹൈക്കോടതികളിലേക്കും അപ്പീല്‍ നല്കാന് അവര്‍ക്ക് അവകാശമുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നരേന്ദ്രമോദിയും ഹസീനയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. 2018 ഡിസംബറില്‍ തകര്‍പ്പന്‍ വിജയത്തോടെയാണ് മൂന്നാം തവണയും ഷെയ്ഖ് ഹസീന ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റത്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനും ഹസീന പങ്കുവഹിച്ചിട്ടുണ്ട്. ഇരു നേതാക്കളും സംയുക്തമായി നിരവധി വികസന പദ്ധതികള്‍ക്കും തുടക്കം കുറിച്ചിട്ടുണ്ട്.