ന്യൂഡല്‍ഹി: രാജ്യത്തെ ഭവന നിര്‍മ്മാണ മേഖലയില്‍ പുരോഗമനം ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍. പാര്‍പ്പിട നിര്‍മ്മാണ പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. പാര്‍പ്പിട നിര്‍മ്മാണ പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി 10,000 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കി വെയ്ക്കുന്നത്. വീട് പണി പൂര്‍ത്തിയാക്കാന്‍ പണമില്ലാത്തവര്‍ക്ക് ഈ സംവിധാനം വഴി പണം സമാഹരിക്കാം.
പ്രധാനമന്ത്രി ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തി 1.95 കോടി വീടുകള്‍ രാജ്യത്ത് നിര്‍മ്മിക്കുമെന്നും പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് കൂടുതല്‍ നികുതി ഇളവുകളും ധനസഹായവും ലഭ്യമാക്കുമെന്നും ധനമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
എല്ലാ ബാങ്കുകളുടെയും ഭവന വായ്പകളെ റിപ്പോ നിരക്കുമായി നിരക്കുമായി ബന്ധിപ്പിക്കും. റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച് ഭവന വായ്പയുടെ പലിശ നിരക്ക് കുറയ്ക്കുന്നതിലൂടെ രാജ്യത്തെ വായ്പാ ലഭ്യത ഉയരും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വീട് വാങ്ങാനായി അഡ്വാന്‍സ് തുകയടക്കമുള്ള സൗകര്യങ്ങള്‍ നല്‍കുമെന്നും നിര്‍മ്മലാ സീതാരാമന് പറഞ്ഞു. രാജ്യത്തെ ഭവന നിര്‍മ്മാണ മേഖലയെ ശക്തിപ്പെടുത്തുകയാണ് പുതിയ പദ്ധതികളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.