News

അനുസ്മരണ സമ്മേളനം 27ന് സി.എച്ച്.രാഷ്ട്ര സേവാ പുരസ്കാരം സി .പി .ജോണിന്

ദുബൈ: ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ‘സി.എച്ച് രാഷ്ട്ര സേവാ പുരസ്ക്കാരത്തിന് ‘ മുൻ കേരള പ്ലാനിംഗ് ബോർഡ് മെംബറും കമ്മ്യൂണിസ്റ്റ് ചിന്തകനുമായ സി.പി.ജോണിനെ തെരഞ്ഞെടുത്തതായി ജൂറി ചെയർമാൻ ഡോ. പി. എ ഇബ്രാഹിം ഹാജി, ദുബൈ കെ.എം.സി.സി പ്രസിഡണ്ട് ഇബ്രാഹിം എളേറ്റിൽ, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഇസ്മായിൽ ഏറാമല, ജനറൽ സെക്രട്ടറി കെ.പി.മുഹമ്മദ്, ട്രഷറർ നജീബ് തച്ചംപൊയിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.   സാമ്പത്തിക വിദഗ്ദ്ധനും എഴുത്തുകാരനുമായ സി.പി ജോൺ  മതേതര-ജനാധിപത്യ മൂല്യങ്ങൾക്ക് വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ  മുൻനിർത്തിയാണ് മുൻ മുഖ്യമന്ത്രിയും മുസ്ലിം ലീഗിന്റെ  ജനപ്രിയ നേതാവുമായിരുന്ന  സി.എച്ച്.മുഹമ്മദ് കോയയുടെ പേരിലുള്ള പുരസ്ക്കാരത്തിന് തെരഞ്ഞെടുത്തതെന്ന് ജൂറി അഭിപ്രായപ്പെട്ടു.

ഡോ. പി. എ. ഇബ്രാഹിം ഹാജി ചെയർമാനും ചരിത്രകാരനും ഗ്രന്ഥകർത്താവുമായ എം.സി. വടകര, മുൻ പി.എസ്.സി മെംബർ ടി.ടി.ഇസ്മായിൽ, മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ.സുബൈർ എന്നിവർ അംഗങ്ങളുമായ  ജൂറിയാണ് പുരസ്ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
സി.എച്ചിന്റെ  മുപ്പത്തിയാറാമത് അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച്  ഈ മാസം 27ന് വെള്ളിയാഴ്ച ദുബൈ വിമൻസ് അസോസിയേഷൻ ഹാളിൽ നടക്കുന്ന പരിപാടിയിൽ വെച്ച്  പ്രശസ്തി പത്രവും ഫലകവും അടങ്ങിയ പുരസ്ക്കാരം സി.പി.ജോണിന് സമർപ്പിക്കും.
ദുബൈ കെ.എം.സി.സി  കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം മുസ്ലിം ലീഗ് ദേശീയ സീനിയർ വൈസ് പ്രസിഡണ്ട് എം.പി.അബ്ദുസമദ് സമദാനി ഉദ്ഘാടനം ചെയ്യും.

പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡിന് അത്യാധുനിക റസ്ക്യൂ ഉപകരണങ്ങൾ ചടങ്ങിൽ കൈമാറുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ വർഷത്തെ ഉരുൾ പൊട്ടലിൽ ശ്മശാന സമാനമായി മാറിയ കരിഞ്ചോലയിൽ കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് നടപ്പാക്കുന്ന ബൈത്തുറഹ്മ വില്ലേജിൽ 4 വീടുകൾ ജില്ലാ കെ.എം.സി.സി വക നിർമ്മിച്ചു വരികയാണെന്നും നേതാക്കൾ അറിയിച്ചു.വാർത്താ സമ്മേളനത്തിൽ അഡ്വ. സാജിദ് അബൂബക്കർ , ഹംസ പയ്യോളി, മൊയ്തു അരൂർ , കെ.പി.മൂസ്സ, ഉമ്മർകോയ നടുവണ്ണൂർ, മുഹമ്മദ് പുറമേരി, വി.കെ.കെ.റിയാസ്, ഇസ്മായിൽ ചെരുപ്പേരി, ഹാഷിം എലത്തൂർ , വലിയാണ്ടി അബ്ദുല്ല എന്നിവർ പങ്കെടുത്തു.

0 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close