ഒക്ടോബർ 15 മുതലാണ് അബുദാബിയിൽ ടോൾ സംവിധാനം നിലവിൽ വരുന്നത്.ഇതിന് ശേഷം പണമടയ്ക്കാതെ ടോൾ ഗേറ്റ് കടക്കുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കില്ലെന്നു ഗതാഗത വകുപ്പ് അറിയിച്ചു.ടോൾ നിരക്കും നിയമലംഘനത്തിനുള്ള പിഴയും അടച്ചാൽ മാത്രമേ വാഹന രജിസ്ട്രേഷൻ പുതുക്കാൻ സാധിക്കൂ.അക്കൗണ്ടിൽ മതിയായ പണമില്ലാതെ ടോൾ ഗേറ്റ് കടന്നാലാണു രജിസ്ട്രേഷൻ സമയത്തു പിടികൂടുക.നിയമം ലംഘിച്ച് ഓരോ തവണ ടോൾ ഗേറ്റ് കടക്കുമ്പോഴും വാഹന റജിസ്ട്രേഷൻ ഫയലിൽ രേഖപ്പെടുത്തുമെന്നും അതുകൊണ്ടുതന്നെ പിഴ അടയ്ക്കാതെ വാഹന രജിസ്ട്രേഷൻ പൂർത്തിയാക്കാനാവില്ലെന്നും അധികൃതർ അറിയിച്ചു.
എല്ലാ വർഷവും യു.എ.ഇയിൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കേണ്ടതുണ്ട്. .നാല് സാലിക് ടോൾ ഗേറ്റുകളാണ് അബുദാബിയിൽ വരുന്നത് . ഷെയ്ഖ് ഖലീഫ ബിൻ സായിദ് പാലം, ഷെയ്ഖ് സായിദ് പാലം, മുസഫ പാലം, അൽ മഖ്ത പാലം എന്നിവയാണിത്.ഒക്ടോബർ 15ന് മുൻപ് ടോൾ രജിസ്ട്രേഷൻ പൂർത്തിയാക്കണം. നിലവിൽ അബുദാബി റജിസ്ട്രേഷൻ വാഹനങ്ങൾക്കു ടോൾ ഗേറ്റിലൂടെ കടന്നുപോകുന്നതിനുള്ള രജിസ്റ്റർ സൗജന്യമായി ചെയ്യാം.ഇതര എമിറേറ്റ് വാഹനങ്ങൾക്ക് 100 ദിർഹം ഈടാക്കുമെങ്കിലും 50 ദിർഹം അക്കൗണ്ടിൽ വരവു വയ്ക്കും.ഒക്ടോബർ 15ന് ശേഷം റജിസ്റ്റർ ചെയ്യുന്ന അബുദാബി റജിസ്റ്റേർഡ് വാഹനങ്ങൾക്ക് 100 ദിർഹം ചാർജുണ്ട്.