മുംബൈ : പാകിസ്ഥാന്റെ ആതിഥ്യ മര്യാദയെ പുകഴ്ത്തി മുതിര്‍ന്ന എന്‍ സി പി നേതാവ് ശരത് പവാര്‍. പാക് ജനത അതീവ സന്തോഷവാന്‍മാരാണെന്നും, കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ ലാഭത്തിനായി പാകിസ്ഥാനെതിരെ നുണകള്‍ പ്രചരിപ്പിക്കുകയാണെന്നും പവാര്‍ പറഞ്ഞു. മുംബൈയിലെ എന്‍സിപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംസാരിക്കവെയായിരുന്നു ശരത് പവാറിന്റെ വിവാദ പ്രസ്താവന.
അടുത്തിടെ താന്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു. വളരെ ആതിഥ്യ മര്യാദയോടെയാണ് അവര്‍ എന്നെ സ്വാഗതം ചെയ്തത്. പാകിസ്ഥാന്റെ ആതിഥ്യ മര്യാദകള്‍ എന്നെ അതിശയിപ്പിച്ചെന്നും പവാര്‍ പറഞ്ഞു.
പാക് ജനത അതീവ സന്തുഷ്ടമായ ജീവിതമാണ് നയിക്കുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ നേട്ടത്തിനായി പാകിസ്ഥാനെതിരെ നുണക്കഥകള്‍ പറഞ്ഞു പരത്തുന്നു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിലൂടെ സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്ന് തെളിയിച്ചിരിക്കുകയാണ്. ഇത് കശ്മീരില്‍ കൂടുതല്‍ തീവ്രവാദികളെ സൃഷ്ടിക്കുമെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം നിരവധി പേരാണ് അടുത്തിടെയായി എന്‍ സി പി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. മുതിര്‍ന്ന നേതാവ് സതാര ഉദയന്‍ രാജെ ഭോസലെ, മുന്‍ എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍ ഭാസ്‌കര്‍ എന്നിവര്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത് എന്‍സിപിയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയിലെ വിവിധയിടങ്ങളില്‍ ഈ മാസം 17 മുതല്‍ പര്യടനം നടത്താനാണ് എന്‍സിപിയുടെ തീരുമാനം. ഇതിനിടെയാണ് പാക് അനുകൂല പരാമര്‍ശവുമായി പവാര്‍ രംഗത്തെത്തിയത്. സംഭവം വിവാദമായതോടെ നിരവധി നേതാക്കളാണ് പവാറിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.