ലക്നൗ: വിദ്യാര്‍ഥിനികളോട് മോശം പെരുമാറ്റത്തില്‍ സസ്പെന്‍ഷനിലായ അധ്യാപകനെ തിരിച്ചെടുത്തതിനെതിരെ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ (ബിഎച്ച്യു) വിദ്യാര്‍ഥി പ്രതിഷേധം. ‘സ്ത്രീവിരുദ്ധനായ വിസി’ എന്ന ഹാഷ്ടാഗില് ബാനര്‍ ഉയര്‍ത്തി വിദ്യാര്‍ഥികള്‍ ശനിയാഴ്ച രാത്രി സര്‍വകലാശാല ക്യാമ്പസില്‍ കുത്തിയിരിപ്പ് സമരം നടത്തി. ഞായറാഴ്ച രാവിലെയും വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുകയാണ്.
സര്‍വകലാശാലയിലെ സുവോളജി പ്രൊഫസര്‍ എസ് കെ ചൗധരിക്കെതിരെയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധം നടത്തുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ ഒഡീഷയിലേക്ക് പഠനയാത്ര നടത്തിയപ്പോള്‍ വിദ്യാര്‍ഥിനികളോട് മോശം പരാമര്‍ശങ്ങള്‍ നടത്തുകയും ലൈംഗിക ചുവയുള്ള ആംഗ്യം കാണിച്ചെന്നുമായിരുന്നു ചൗധരിക്കെതിരെയുളള പരാതി.
പരാതിയുടെ അടിസ്ഥാനത്തില്‍ പ്രഫസറെ ജൂണില്‍ സസ്പെന്‍ഡ് ചെയ്തു അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സര്‍വകലാശാല ഉന്നതാധികാര സമിതി കഴിഞ്ഞ ദിവസം പ്രഫസറുടെ സസ്പെന്ഷന് പിന്‍വലിക്കാനും തിരിച്ചെടുക്കാനും തീരുമാനിച്ചത്. സര്‍വകലാശാലയുടെ ആഭ്യന്തര പരാതി പരിഹാര സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ചതിനു ശേഷമാണ് നടപടിയെന്നാണ് സര്‍വകലാശാല അധികൃതര്‍ പറയുന്നത്. എന്നാല്‍ അധ്യാപകനെ ജോലിയില്‍ നിന്നും പുറത്താക്കണമെന്നും അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നുമാണ് വിദ്യാര്‍ഥികളുടെ ആവശ്യം. ചൗധരിക്കെതിരെ കൂടുതല്‍ ലൈംഗീക പരാതികളുണ്ടെന്നും വിദ്യാര്‍ഥികള്‍ അറിയിച്ചു.