ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യസുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പുതുക്കാന്‍ തീരുമാനം. കാന്‍സര്‍ പരിചരണം ഉള്‍പ്പെടെ 1392 മെഡിക്കല്‍ പാക്കേജുകളുടെ ചികിത്സ തുകയാണ് ഇതിലൂടെ പരിഷ്ക്കരിക്കുക. ബിജെപി സര്‍ക്കാരിന്റെ ഏറ്റവും വലിയ ജനകീയാരോഗ്യ പദ്ധതിയായ പ്രധാനമന്ത്രി ജന്‍ ആരോഗ്യ അഭിയാന് നടപ്പിലാക്കി ഒരു വര്‍ഷം തികയുന്ന സെപ്റ്റംബര്‍ 23-ന് പുതുക്കിയ പദ്ധതി പ്രഖ്യാപിക്കുമെന്നാണ് സൂചന.
ആരോഗ്യ പദ്ധതിയെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ സെപ്റ്റംബര്‍ 23 ‘ആയുഷ്മാന്‍ ഭാരത് ദിവസ്’ ആയി ആചരിക്കും. ആയുഷ്മാന്‍ പദ്ധതി പ്രകാരം കാന്‍സര്‍ ചികിത്സയ്ക്കായി നല്കുന്ന മരുന്നുകളുടെ അടിസ്ഥാനത്തിലാണ് ഇനി മുതല്‍ റീ ഇംബേഴ്സ്മെന്റ് തുക കണക്കാക്കുക. പദ്ധതി ആരംഭിച്ച ശേഷം 39 ലക്ഷം പേര്‍ക്ക് 12,000 കോടി രൂപ ചികിത്സാ സഹായമായി നല്‍കിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. നിലവില്‍ 18,000 ആശുപത്രികള്‍ പദ്ധതിയില്‍ അംഗങ്ങളാണ്.
അതേസമയം, ആയുഷ്മാന്‍ പദ്ധതിയില്‍ നിന്ന് തിമിര ശസ്ത്രക്രിയ, വന്ധ്യംകരണ ശസ്ത്രക്രിയ എന്നിവ ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്. നിലവിലുള്ള ദേശീയ പദ്ധതികളില്‍ ഇവ രണ്ടും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയതോടെയാണ് ഒഴിവാക്കാന്‍ നിര്‍ദ്ദേശം വന്നത്.
അതേസമയം, സര്‍ക്കാര്‍ സേവനങ്ങള്‍ ഒരാള്‍ക്കു 2 തവണ ലഭിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനായി പുതിയ സമിതിക്ക് രൂപം നല്‍കാനും ചര്‍ച്ചയില്‍ നിര്‍ദ്ദേശമുണ്ടായി. ദേശീയ ആരോഗ്യ പദ്ധതികള്‍ക്ക് കീഴില്‍ ചികിത്സ ലഭിക്കുന്നവര്‍ക്ക് പിഎംജെഎവൈ പ്രകാരവും ചികിത്സ ലഭിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ നിര്‍ദ്ദേശം.