ന്യൂഡല്‍ഹി: ആര്‍എസ്എസ് സര്‍സംഘചാലകും വിദേശമാധ്യമങ്ങളുമായി തലസ്ഥാന നഗരിയില്‍ സംയുക്തകൂടിക്കാഴ്ച സംഘടിപ്പിക്കുന്നു. സമൂഹത്തിലെ വ്യത്യസ്തമേഖലയിലുള്ളവരുമായുള്ള ഘട്ടംഘട്ടമായ സംവാദത്തിന്റെ തുടര്‍ച്ചയായാണ് വിദേശമാധ്യമങ്ങളുമായി മോഹന്‍ഭാഗവത് കൂടിക്കാഴ്ച നടത്തുന്നത്.ന്യൂഡല്‍ഹിയിലെ അംബേദ്ക്കര്‍ ഇന്റര്‍നാഷണല്‍ സെന്ററിലാണ് കൂടിക്കാഴ്ച നടക്കുക. 70 വിദേശ മാധ്യമങ്ങളെ പരിപാടിയിലേയ്ക്ക് ഔദ്യോഗികമായി ക്ഷണിച്ചതായി ആര്‍എസ്എസ് പ്രചാര്വിഭാഗിന്റെ വക്താവ് അറിയിച്ചു.
വിവിധ വിഷയങ്ങളിലുള്ള ആര്‍എസ്എസിന്റെ നിലപാടുകളെക്കുറിച്ച് ഭാരതത്തിന് പുറത്തുള്ള മാധ്യമലോകത്തിനുള്ള തെറ്റിദ്ധാരണ നീക്കുക എന്നതും ആര്‍എസ്എസിനെക്കുറിച്ചുള്ള തെറ്റായ പ്രചരണങ്ങളെപ്പറ്റിയുള്ള സംശയങ്ങള്‍ ദൂരീകരിക്കലുമാണ് പരിപാടിയുടെ ഉദ്ദേശമെന്നും ആര്‍എസ്എസ് അഖിലേന്ത്യാ പ്രചാര്‍ വിഭാഗ് ചുമതലക്കാര്‍ വ്യക്തമാക്കി.
പരിപാടിയുടെ സ്വഭാവം പത്രസമ്മേളന രീതിയിലുള്ളതായിരിക്കില്ല. അതിനാല്‍ തന്നെ ക്യാമറാ ചിത്രീകരണം ഉണ്ടാവില്ല. പൊതുസംഭാഷണവും പരസ്പരമുള്ള ചോദ്യോത്തരങ്ങള്‍ക്കും ശേഷം സംവാദത്തിന്റെ സംക്ഷിപ്തരൂപം മാധ്യമങ്ങളെ അറിയിക്കുമെന്നും പ്രചാര്‍വിഭാഗ് വക്താക്കള്‍ അറിയിച്ചു.
ഈ വര്‍ഷമാദ്യം സമൂഹത്തിലെ വ്യത്യസ്തമേഖലകളിലെ തിരഞ്ഞെടുത്ത മുന്നൂറിലേറെ പ്രമുഖവ്യക്തികളുമായി മോഹന്‍ഭാഗവത് നടത്തിയ മൂന്ന്ദിവസം നീണ്ടുനിന്ന സംവാദം ഏറെ ശ്രദ്ധയും പ്രശംസയും ഒപ്പം മാധ്യമ ശ്രദ്ധയും പിടിച്ചുപറ്റിയതായി പ്രചാര്‍ വിഭാഗ് വക്താവ് സൂചിപ്പിച്ചു.