കൊല്ലം: കെഎസ്ആര്‍ടിസിയുടെ കേടായ ഇലക്ട്രോണിക് ടിക്കറ്റ് മെഷീന് നന്നാക്കാനുള്ള പണം ചെലവാകുന്നത് കണ്ടക്ടര്‍മാരുടെ പോക്കറ്റില്‍ നിന്ന്. ടിക്കറ്റ് മെഷീനും അനുബന്ധ സേവനങ്ങളും നല്കുന്ന ബംഗളൂരു ആസ്ഥാനമായുള്ള ഖ്വാണ്ടം ഇയോണ്‍ കമ്പനിയുമായുളള വാര്‍ഷിക അറ്റകുറ്റപ്പണി കരാര്‍ അവസാനിച്ചതോടെ കണ്ടക്ടര്‍ക്ക് സ്വന്തം കൈയില്‍ നിന്നും പണം മുടക്കേണ്ട അവസ്ഥയാണ്.
മെഷീന് തകരാറിലായാല്‍ പഴയ റാക്ക് ഉപയോഗിച്ച് ടിക്കറ്റ് കൊടുക്കേണ്ടി വരുമെന്നതിനാല്‍ കണ്ടക്ടര്‍മാര്‍ സ്വന്തം ചെലവില്‍ മെഷീന് നന്നാക്കിയെടുക്കുകയാണിപ്പോള്. ചില ഡിപ്പോകളില്‍ കണ്ടക്ടര്‍മാരെല്ലാം ചേര്‍ന്ന് പണം പിരിച്ചാണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. നന്നാക്കാന്‍ അറിയാവുന്നവരുള്ള ഡിപ്പോകളില്‍ സ്പെയര്‍പാര്‍ട്സ് പുറത്തുനിന്ന് വാങ്ങിക്കൊടുത്തും ചിലയിടങ്ങളില്‍ പുറത്തുകൊടുത്തുമാണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. ടിക്കറ്റ് മെഷീനുകള്‍ പുറത്തു കൊടുത്ത് നന്നാക്കുന്നത് നിയമവിരുദ്ധമാണെങ്കിലും മറ്റ് മാര്‍ഗമില്ലെന്നാണ് കണ്ടക്ടര്‍മാര്‍ പറയുന്നത്.
ടിക്കറ്റ് മെഷീനില്‍ ചാര്‍ജ് നില്‍ക്കാത്തതും കണ്ടക്ടര്‍മാരെ വലയ്ക്കുന്നു. ആവശ്യത്തിന് ചാര്‍ജറുകള്‍ വാങ്ങിനല്‍കാനും അധികൃതര്‍ തയ്യാറാകുന്നില്ല. മെഷീനുകള്‍ കേടാകുന്നതിനു പുറമേ സെര്‍വര്‍ തകരാര്‍മൂലം ഡിപ്പോകളിലെ മെഷീനുകള്‍ പൂര്‍ണമായും പ്രവര്‍ത്തന രഹിതമായതും വരുമാനനഷ്ടമുണ്ടാക്കുന്നു.