ഇടുക്കി : വ്യാജ രേഖ ചമച്ച് സര്‍ക്കാര്‍ ഭൂമി തട്ടിയെടുത്ത കേസില്‍ വൈദ്യുതമന്ത്രി എംഎം മണിയുടെ സഹോദരനും കുടുബത്തിനുമെതിരെ ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രം. പന്ത്രണ്ട് വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് എം എം മണിയുടെ സഹോദരന് എംഎം ലംബോദരനും കുടുംബത്തിനുമെതിരെ ക്രൈം ബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
2004- 05 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇടുക്കി ചിന്നക്കനാലിലെ ഭൂമി വ്യാജരേഖയുണ്ടാക്കി ലംബോദരനും കുടുംബവും തട്ടിയെടുക്കുകയായിരുന്നു. 2007 ല്‍ ക്രമക്കേട് നടത്തി ഭൂമി തട്ടിയ വിവരം ക്രൈംബ്രാഞ്ച് കണ്ടെത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ലംബോദരനും കുംബാംഗങ്ങളും റവന്യൂ അധികൃതരുമുള്‍പ്പെടെ ഇരുപത്തി രണ്ട് പേരാണ് ക്രൈം ബ്രാഞ്ചിന്റെ പ്രതി പട്ടികയിലുള്ളത്. കേസില്‍ ലംബോദരന്റെ ഭാര്യാ സഹോദരന് രാജേന്ദ്രന് ഒന്നാം പ്രതിയും ലംബോദരന് രണ്ടാം പ്രതിയുമാണ്.
ചിന്നക്കനാലിലെ മൂന്നേക്കര്‍ 98 സെന്റ് സര്‍ക്കാര്‍ ഭൂമി വ്യാജ രേഖ ചമയ്ച്ചാണ് പ്രതികള്‍ സ്വന്തമാക്കിയതെന്ന് അന്വേഷണത്തില്‍ ക്രൈം ബ്രാഞ്ച് കണ്ടെത്തി. കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി റവന്യൂ രേഖകളില്‍ കൃത്രിമം കാട്ടി പട്ടയഭൂമിയെന്ന് കാണിച്ചാണ് തട്ടിയെടുത്തതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. തട്ടിപ്പു നടത്താന്‍ വില്ലേജ് ഓഫീസിലെ രേഖകള്‍ കീറിമാറ്റിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.