മിലാന്: കാല്‍പ്പന്തുകളിയുടെ ആരാധകരെ ആവേശത്തിലാറാടിക്കാന്‍ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ ഇന്ന് തുടങ്ങും.യൂറോപ്പിലെ വിവിധ ലീഗുകളിലെ സൂപ്പര്‍ ക്ലബ്ബുകളുടെ മുന്‍നിര ടീമുകളുടെ പോരാട്ടമാണ് ചാമ്പ്യന്‍സ് ലീഗ്. നിലവിലെ ചാമ്പ്യന്‍സ് ലീഗ് കീരീടജേതാക്കള് ഇംഗ്ലീഷ് ക്ലബ്ബായ ലിവര്‍പൂളാണ്. ഇംഗ്ലീഷ് ലീഗിലെ ചെല്‍സിയും ഇന്നിറങ്ങും.സ്പാനിഷ് ലീഗിലെ പുലികളായ ബാഴ്സലോണയും ജര്‍മ്മന്‍ ലീഗിലെ വമ്പന്മാരായ ബൊറോസിയ ഡോട്ട്മുന്ഡും ഇറ്റാലിയന്‍ ലീഗിലെ ഇന്റര്‍ മിലാനും വിവിധ മത്സരങ്ങളില്‍ ഇന്ന് മാറ്റുരയ്ക്കും.
ബൊറോസിയക്കെതിരെയാണ് ബാല്സലോണ ഇന്നിറങ്ങുന്നത്.ചാമ്പ്യന്‍സ് ലീഗിലെ മരണഗ്രൂപ്പെന്ന ‘എഫി’ ലെ ടീമുകളാണ് ബാഴ്സയും ബൊറോസിയയും. ബാഴ്സയ്ക്കിത് ഹോം എവെ മത്സരമാണ്.ആഭ്യന്തര ലീഗില്‍ മികച്ച തുടക്കം ലഭിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇരുടീമുകളും.പരിക്കുമാറിയ മെസ്സി കളിക്കാനിറങ്ങുമെന്ന പ്രതീക്ഷയിലാണ് ഫുട്ബോള്‍ ലോകം.ഒപ്പം ലൂയീ സുവാരസ്, ഗ്രീസ്മാന് എന്നിവരാണ് ബാഴ്സയുടെ കുന്തമുനകള്‍.റൂയിസും അല്‍കാസറും ജര്‍മ്മന്‍ ക്ലബ്ബായ ബൊറോസിയയുടെ കരുത്താണ്. എന്നാല്‍ എല്ലാവരും ഉറ്റുനോക്കുന്നത് യുവതാരം ജേഡന്‍ സാഞ്ചോയിലാണ്.
മറ്റ് മത്സരങ്ങളില്‍ ലിവര്‍പൂള്‍ നാപ്പോളിയേയും,ചെല്‍സി വലന്‍സിയയേയും നേരിടാനിറങ്ങുകയാണ്. ഇന്റര്മിലാന് സ്ലാവിയ പ്രാഗിനെ നേരിടുമ്പോള്‍ ലിയോണ്‍ സെനിത്തിനെതിരെ കളിക്കും. ലിവര്‍പ്പൂള്‍ നിരയില്‍ തകര്‍പ്പന്‍ ഫോമിലുള്ള സാദിയോ മാനെ,റോബര്‍ട്ടോ ഫിര്‍മിനോ,വിര്‍ജില്‍ വാന്‍ഡെക് എന്നിവരിന്ന് കളത്തിലിറങ്ങുകയാണ്.
പരിശീലകരുടെ പ്രകടനങ്ങള്‍ക്കും ഏറെ പേരുകേട്ട ക്ലബ്ബ് ഫുട്ബോളില്‍ സൂപ്പര്‍ കോച്ചുകളായ യര്‍ഗന്‍ ക്ലോപ്പും കാര്‍ലോ ആഞ്ചലോട്ടിയും ബാഴ്സയുടെ ഏണസ്റ്റോ വാല്വഡേയും ഒക്കെ ഫ്ലഡ് ലൈറ്റില്‍ ഇന്ന് മിന്നിത്തിളങ്ങും.