തിരുവനന്തപുരം: പോലീസിന്റെ പ്രൊഫഷണല്‍ നിലവാരം ഉയര്‍ത്തുന്നതിനും പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ജനങ്ങളുമായുള്ള പോലീസിന്റെ ആശയവിനിമയം, അധികാരപരിധിയിലെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള പഠനം എന്നിവ മാര്‍ഗനിര്‍ദേശ ഉത്തരവില്‍ വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് പോലീസിന്റെ സമീപനങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് പ്രൊഫഷണല്‍ നിലവാരം ഉയര്‍ത്തുന്നതിനും പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി സംസ്ഥാന പോലീസ് മേധാവി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. പോലീസ് സ്റ്റേഷനിലെ എല്ലാ ഉദ്യോഗസ്ഥരും അധികാരപരിധിയിലെ വിവിധ പ്രശ്നങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കണമെന്നും മാര്‍ഗനിര്‍ദേശ ഉത്തരവില്‍ പറയുന്നു.
പോലീസ് ഉദ്യോഗസ്ഥന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് പരാതിയുണ്ടായാല്‍ താന്‍ നിരപരാധിയാണെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്ത്വം പോലീസ് ഉദ്യോഗസ്ഥന് തന്നെയായിരിക്കും. ആരോപണവിധേയനായ ഉദ്യോഗസ്ഥനെ അന്വേഷണ കാലയളവില്‍ തത് സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്താന്‍ യൂണിറ്റ് മേധാവി നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു.
ജനങ്ങളുമായി പോലീസ് നടത്തുന്ന ആശയവിനിമയം പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കാറുണ്ട്. സഭ്യമായ രീതിയില്‍ ജനങ്ങളോട് സംസാരിക്കണം , പോലീസ് കസ്റ്റഡിയിലുള്ള വ്യക്തിയോടുള്ള സമീപനം എങ്ങനെയായിരിക്കണമെന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും. പോലീസ് സ്റ്റേഷനില്‍ ലഭിക്കുന്ന പരാതിയില്‍ സ്വീകരിച്ച നടപടികളും അന്വേഷണ വിവരങ്ങളും കൃത്യമായ ഇടവേളകളില്‍ പരാതിക്കാരെ അറിയിക്കണമെന്ന നിര്‍ദേശവും ഉത്തരവിലുണ്ട്. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് ഡിജിപി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്.