ന്യൂഡല്‍ഹി: നരേന്ദ്രമോദി സീ ജിന്‍പിംഗ് കൂടിക്കാഴ്ചയില്‍ കശ്മീര്‍ വിഷയം ചര്‍ച്ചയാകില്ലെന്ന് സൂചന. ഐക്യരാഷ്ടസഭാ സുരക്ഷാ സമിതിയില്‍ കശ്മീര്‍ വിഷയം ചര്‍ച്ചയ്ക്കിട്ടത് ചൈനയായിരുന്നു. ഈ മാസം അവസാനം ഇന്ത്യ സന്ദര്‍ശിക്കുന്ന ചൈനയുടെ രാഷ്ടപതിയുമായുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയില്‍ പക്ഷെ കശ്മീര്‍ വിഷയം മുന്‍ഗണനാ പട്ടികയിലില്ലെന്ന് വിദേശകാര്യ വക്താവ് ഹുവാ ചുന്യുഗ് വ്യക്തമാക്കി.
പ്രസിഡന്റിന്റെ ഔദ്യോഗിക യാത്രയില്‍ നിലവില്‍ തുടര്‍ന്നുവരുന്ന വികസനസംബന്ധമായ പ്രവര്‍ത്തനങ്ങളുടെ തുടര്ചര്ച്ചകളാണുണ്ടാകുക എന്നാണ് ചൈനയുടെ വിദേശകാര്യവകുപ്പ് അറിയിച്ചത്.ഭാരതവുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍ നിലവിലുണ്ട്. അതില്‍ കശ്മീര്‍ വിഷയത്തിന് യാതൊരു സ്ഥാനവുമില്ല, എന്നാണ് തനിക്കുകിട്ടിയ വിവരമെന്ന് ഹുവാ ചുന്യുഗ് പറഞ്ഞു.
വരുന്ന ഒക്ടോബര്‍ മാസത്തില്‍ ചൈനയുടെ രാഷ്ടത്തലവന്റെ അനൗദ്യോഗിക യാത്ര നടക്കുന്നുണ്ട്.നിലവില്‍ വികസന-സാങ്കേതിക രംഗങ്ങളുടെ കാര്യത്തില്‍ പ്രമുഖമായ പലതീരുമാനങ്ങള്‍ എടുക്കുന്നതിലും കശ്മീര്‍ പോലുള്ള വിഷയങ്ങള്‍ ഒരു തടസ്സമാണെന്നും ചൈനയുടെ വിദേശകാര്യ വകുപ്പ് വ്യക്തമാക്കി.
ഇന്ത്യാ ചൈന അതിര്‍ത്തി സംബന്ധമായ വിഷയങ്ങളും ബല്‍റ്റ് ആന്റ് റോഡ് എന്ന നയത്തെ കേന്ദ്രീകരിച്ചുമാണ് ചര്‍ച്ചകള്‍ നടക്കുക.അതിര്‍ത്തിയിലുടനീളമുള്ള ശാന്തിയും സുരക്ഷയുമാണ് പരസ്പരം സംരക്ഷിക്കേണ്ടത്.അതുവഴി മാത്രമാണ് പരസ്പര സഹകരണം വര്‍ധിക്കുക, വക്താവ് അറിയിച്ചു.