തിരുവനന്തപുരം:പിഎസ്സി പരീക്ഷാ ക്രമക്കേട് അന്വേഷണം സിബിഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉദ്യോഗാര്‍ത്ഥികളാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാന ഏജന്‍സി അന്വേഷിച്ചാല്‍ കേസ് തെളിയില്ലെന്നും അതിനാല്‍ കേന്ദ്ര ഏജന്‍സി തന്നെ അന്വേഷിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ മുന്‍ എസ്എഫ്ഐ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ പൊലീസ് കോണ്‍സ്റ്റബിള്‍ ബറ്റാലിയനിലേക്കു നടന്ന പരീക്ഷയിലാണ് സിബിഐ അന്വേഷണാവശ്യം ഉയര്‍ന്നിരിക്കുന്നത്. കൊല്ലം, മലപ്പുറം സ്വദേശികളായ ഉദ്യോഗാര്‍ഥികളാണ് ഹര്‍ജിക്കാര്‍.
യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തിലെ പ്രതികളായ എസ്എഫ്ഐ നേതാക്കളെ പിഎസ്സി റാങ്ക് ലിസ്റ്റില്‍ നിന്ന് അയോഗ്യരാക്കിയിരുന്നു.
പ്രതികളായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരെ പിഎസ് സി കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റില്‍ നിന്നാണ് നീക്കിയത്.
പിഎസ്സി വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് എസ്എഫ്ഐ നേതാക്കള്‍ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇവര്‍ ക്രമക്കേട് നടത്തിയതെന്ന് പിഎസ്സി സ്ഥിരീകരിച്ചിരുന്നു.