ന്യൂഡല്‍ഹി: സൗദിയിലെ അരാംകോ കമ്പനിയ്ക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്നുള്ള എണ്ണ പ്രതിസന്ധി പരിഹരിക്കാന്‍ ഭാരതത്തിനെ റഷ്യ സഹായിക്കും. റഷ്യയുടെ ഏറ്റവും വലിയ എണ്ണ കമ്പനിയായ റോസ്നെഫ്റ്റ് ആണ് എണ്ണ നല്‍കുക. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാനും റോസ്നെഫ്റ്റിന്റെ ചെയര്മാന് ഇഗര്‍ സേച്ചിനുമായുള്ള ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്.
റഷ്യയുമായി ദീര്‍ഘകാലാടിസ്ഥാനത്തില്‍ എണ്ണയുടെ ഇറക്കുമതികാര്യം ചര്‍ച്ചചെയ്യാനാണ് ഇഗര്‍ ന്യൂഡല്‍ഹിയിലെത്തിയത്. പൊടുന്നനെയുണ്ടായ സൗദിപ്രതിസന്ധി ഭാരതത്തെ ബാധിച്ചതിന്റെ പശ്ചാത്തലത്തിലാണ് അടിയന്തിര നടപടി.
എണ്ണ ഇറക്കുമതിയെ കാര്യമായി ആശ്രയിക്കുന്ന രാജ്യമാണ് ഭാരതം. ഗള്‍ഫ് മേഖലയില്‍ നിന്ന് മാത്രം മൊത്തം ഉപഭോഗത്തിന്റെ 80% ക്രൂഡോയിലും 18% പ്രകൃതി വാതകവും നിലവില്‍ ഭാരതം ഇറക്കുമതിചെയ്യുന്നുണ്ട്. സൗദി അരാംകോ പ്രതിസന്ധി അതുകൊണ്ടുതന്നെ ബാധിക്കും. ലോകഎണ്ണ വിലയിലെ മാറ്റവും ഇന്ത്യയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് ധര്മേന്ദ്രപ്രധാന് പറഞ്ഞു.
റഷ്യയുമായുള്ള എണ്ണ ഇറക്കുമതി കാരാര്‍ ഒപെക് രാജ്യങ്ങളുടെ സംയുക്തയോഗത്തില്‍ തന്നെ തീരുമാനമാക്കിയിരുന്നു. പുതിയ സാഹചര്യത്തില്‍ അതുപ്രകാരമുള്ള വ്യാപാരരീതികളാണ് ഇന്ത്യനടത്തുന്നത്.ഇതിനിടെ എണ്ണ പ്രതിസന്ധിപരിഹരിക്കാന്‍ ഇറാനില്‍ നിന്നും ക്രൂഡോയില്‍ വാങ്ങിക്കാനും ഭാരതം ശ്രമിക്കുന്നുണ്ട്. നിലവിലെ അമേരിക്കയുടെ ഇറാന് മേലുള്ള നിയന്ത്രണം ഭാരതത്തെ ബാധിക്കാതിരിക്കാന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ട്രംപുമായും സംസാരിച്ചുകഴിഞ്ഞതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.