ന്യൂഡല്‍ഹി: ഭീകരര്‍ക്ക് പിന്തുണ നല്കുന്ന പാകിസ്ഥാന് നിലപാടുകള്‍ക്കെതിരെ വിമര്‍ശനവുമായി യൂറോപ്യന്‍ യൂണിയന് രംഗത്ത്. കശ്മീര്‍ വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന് ഇന്ത്യയ്ക്ക് പിന്തുണ അറിയിക്കുകയും ചെയ്തു. കശ്മീര്‍ വിഷയത്തില്‍ ഇടപെടണമെന്ന പാകിസ്ഥാന്റെ ആവശ്യവും പാര്‍ലമെന്റ് നിരസിച്ചു. ഈ വിഷയത്തില്‍ സമാധാനപരമായ പരിഹാരം ഉറപ്പാക്കുന്നതിന് നേരിട്ടുള്ള ചര്‍ച്ച നടത്താന്‍ യൂണിയന് പാകിസ്ഥാനോട് ആവശ്യപ്പെടുകയും ചെയ്തു.
‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ ഇന്ത്യയിലും ജമ്മു കശ്മീരിലും നടന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ നാം പരിശോധിക്കേണ്ടതുണ്ട്. ഈ തീവ്രവാദികള്‍ ചന്ദ്രനില്‍ നിന്ന് ഇറങ്ങിയില്ല വരുന്നത് ,അവര്‍ അയല്‍രാജ്യത്ത് നിന്നാണ് വരുന്നത്. ഈ വിഷയത്തില്‍ ഞങ്ങള്‍ ഇന്ത്യയെ പിന്തുണയ്ക്കുന്നു പോളണ്ടിലെ റിഫോമിസ്റ്റ് ഗ്രൂപ്പിന്റെ അംഗമായ റിസ്സാര്‍ഡ് സര്‍നെക്കി പറഞ്ഞു,
ആണവായുധങ്ങള്‍ ഉപയോഗിക്കുമെന്ന് പാകിസ്ഥാന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. യൂറോപ്പില്‍ രക്തരൂക്ഷിതമായ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യാന്‍ പാകിസ്ഥാന് തീവ്രവാദികള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഇറ്റലിയിലെ റിഫോര്‍മിസ്റ്റ് ഗ്രൂപ്പിന്റെ അംഗവുമായ ഫുള്‍വിയോ മാര്‍ട്ടുസെല്ലോ പറഞ്ഞു. പാകിസ്ഥാനില്‍ നടക്കുന്ന മനുഷ്യവകാശ ലംഘനങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
‘സഞ്ചാര സ്വാതന്ത്ര്യവും ആശയവിനിമയ മാര്‍ഗ്ഗങ്ങളും പൂര്‍ണമായും പുനസ്ഥാപിക്കപ്പെടണം. എല്ലാ അവശ്യ സേവനങ്ങളും കശ്മീരില്‍ ലഭ്യമാകണം. മേഖലയിലെ സ്ഥിതിഗതികള്‍ യൂറോപ്യന്‍ യൂണിയന് സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുമെന്നും ചര്‍ച്ച ആരംഭിച്ച് കൊണ്ട് യൂറോപ്യന്‍ യൂണിയന് മന്ത്രി ടിറ്റി തുപ്പുരൈനെന് പറഞ്ഞു. 2008 ന് ശേഷം ഇത് രണ്ടാം തവണയാണ് യൂറോപ്യന്‍ പാര്‍ലമെന്റ് പൊതുസഭ വിഷയം ചര്‍ച്ച ചെയ്യുന്നത്.