തിരുവനന്തപുരം: ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന കേന്ദ്ര സര്‍ക്കാര്‍ ആശയത്തിന് പിന്തുണയുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. തുടര്‍ച്ചയായുള്ള തെരഞ്ഞെടുപ്പുകളും പെരുമാറ്റചട്ടവും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നതായും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ച ഇടങ്ങളില്‍ പുറത്തിറക്കിയ പെരുമാറ്റചട്ടമനുസരിച്ച് എംപി ഫണ്ടും എംഎല്‍എ ഫണ്ടും പുതുതായി അനുവദിക്കാനാകില്ലെന്ന് മീണ വ്യക്തമാക്കി.
പെരുമാറ്റചട്ടങ്ങള്‍ പുറത്തിറക്കുമ്പോള്‍ ഫണ്ടുകള്‍ക്ക് നിയന്ത്രണം വരുന്നത് വികസന പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കും. പല പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും സാധിക്കില്ലെന്നും ടിക്കാറാം മീണ ചൂണ്ടികാണിച്ചു. അതിനാല്‍ ഈ വിഷയത്തില്‍ വിശദമായ ചര്‍ച്ചകള്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി കാസര്‍കോഡ്, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട എന്നീ 4 ജില്ലകളിലാണ് പെരുമാറ്റ ചട്ടം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം തലസ്ഥാന ജില്ലയായതിനാല്‍ വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിനുള്ള മാതൃകാ പെരുമാറ്റച്ചട്ടം ആ മണ്ഡലത്തില്‍ മാത്രമാണ്. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികള്‍ക്ക് മാതൃകാ പെരുമാറ്റച്ചട്ടം ബാധകമല്ല.
തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ രാഷ്ട്രീയ ഇടപെടലിലൂടെ സ്വാധീനിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ടിക്കാറാം മീണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരളത്തില്‍ അഞ്ചു മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകള്‍ക്കായി ആകെ 896 പോളിംഗ് സ്റ്റേഷനുകളുള്ളത്. മഞ്ചേശ്വരം, എറണാകുളം, അരൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലങ്ങളിലാണ് ഒക്ടോബര്‍ 21ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 24നാണ് വോട്ടെണ്ണല്‍.