ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതില്‍ ചികിത്സ നേടുന്ന എല്ലാ രോഗികള്‍ക്കും ബയോമെട്രിക് പരിശോധന നടത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ധന്. ഇതനുസരിച്ച് ആശുപത്രിയില്‍ പ്രവേശിക്കുമ്പോഴും ഡിസ്ചാര്‍ജ് കിട്ടി പോകുമ്പോഴും ബയോമെട്രിക് തിരിച്ചറിയലിനുള്ള പരിശോധന എല്ലാ ആശുപത്രികളിലും ഏര്‍പ്പെടുത്തും.
പദ്ധതിയിലൂടെ നിര്‍ധന കുടുംബത്തിന് പ്രീമിയം നല്‍കാതെ പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ ചികിത്സാ സഹായമാണ് നല്‍കുന്നത്. അഞ്ചു കോടി ജനങ്ങള്‍ നിലവില്‍ ഈ പദ്ധതിയില്‍ പങ്കാളികളാണ്. ഹൃദ്രോഗ ശസ്ത്രക്രിയ, അവയവം മാറ്റിവെക്കല്‍ എന്നിവയടക്കം നിരവധി ചികിത്സകള്‍ക്കാണ് ആയുഷ്മാന്‍ ഭാരത് പദ്ധതി സഹായകമാകുന്നത്.
ചികിത്സയുമായി ബന്ധപ്പെട്ട് നിരവധി വ്യാജ അവകാശവാദങ്ങള്‍ പുറത്തു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ബയോമെട്രിക് പരിശോധന നിര്‍ബന്ധമാക്കിയത്. തട്ടിപ്പുകള്‍ വ്യാപകമാകുന്നതില്‍ ആശുപത്രികളും ഡോക്ടര്‍മാരും പങ്കാളികളാകുന്നതായും സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു.
ഇതേ തുടര്‍ന്ന് ഡസന്‍ കണക്കിന് ആശുപത്രികള്‍ക്കെതിരെ നടപടിയെടുക്കുകയും ഔദ്യോഗിക പട്ടികയില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തിരുന്നു. പദ്ധതിയില്‍ ചികിത്സയുമായി ബന്ധപ്പെട്ട പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ ദേശീയ ആരോഗ്യ അതോറിറ്റി ഉടന്‍ പുറത്തിറക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.