സത്യമപ്രിയം

പോപ്പിനു മുന്നില്‍ നാണംകെട്ട് കുനിഞ്ഞ പിണറായി കണ്ണനു മുന്നില്‍ ധാര്‍ഷ്ട്യത്തിന്റെ പ്രതിരൂപം

ജി.കെ. സുരേഷ് ബാബു

‘നിന്റെ നാരായണന്‍ എവിടെയാണുള്ളത്?’
‘ഈ പ്രപഞ്ചത്തിലെ തൂണിലും തുരുമ്പിലുമുണ്ട്.’
‘ഈ തൂണിലുമുണ്ടോ?’
‘ഉണ്ട്’
‘എങ്കില്‍ കാണട്ടെ’
കൊട്ടാരത്തിലെ ചൂണ്ടിക്കാട്ടിയ തൂണില്‍ ഗദ കൊണ്ട് അടിച്ച ഹിരണ്യകശിപു, മകന്‍ പറഞ്ഞ നാരായണന്റെ മനുഷ്യനും മൃഗവുമല്ലാത്ത, മനുഷ്യനും മൃഗവും ചേര്‍ന്ന രൗദ്ര നരസിംഹത്തിന്റെ, ആയുധമല്ലാത്ത നഖം കൊണ്ട് മരണം വരിച്ച കഥ പുരാണത്തിലേതാണ്. എന്റെ നാരായണന്‍ തൂണിലും തുരുമ്പിലുമുണ്ടെന്ന് പറഞ്ഞത് ഭക്തപ്രഹ്‌ളാദനായിരുന്നു.

കഴിഞ്ഞദിവസം ഗുരുവായൂരിലെത്തിയ അഹങ്കാരിയും അല്പനുമായ ആധുനിക ഹിരണ്യകശിപു ചോദിച്ച ചോദ്യവും ഏതാണ്ട് ഇതുതന്നെയായിരുന്നു. ‘ആ വിളക്ക് കാണുന്നിടത്താണോ കൃഷ്ണനുള്ളത്?’ എന്ന്. ശ്രീലകത്തെ ഭഗവദ് വിഗ്രഹത്തെ ആചാരവിരുദ്ധമായി വിരല്‍ ചൂണ്ടിക്കാട്ടിയ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ. മോഹന്‍ദാസ് പറഞ്ഞു, ‘അതേ’ എന്ന്. പിണറായി വിജയന്‍ ഗുരുവായൂരില്‍ എത്തണമെന്നോ ഗുരുവായൂരപ്പനെ കൈകൂപ്പി തൊഴണമെന്നോ ഒന്നും ആര്‍ക്കും നിര്‍ബ്ബന്ധമില്ല. പക്ഷേ, ആ ക്ഷേത്രത്തില്‍ പോകുമ്പോള്‍ ആചാരമര്യാദകള്‍ പാലിക്കാനും ആ തിരുനടയില്‍ ദര്‍ശനം നടത്തുകയുമാണ് പിണറായി ചെയ്യേണ്ടിയിരുന്നത്.

ഗുരുവായൂരില്‍ പോയി പുറത്തുനിന്ന് ആ വിളക്കു കാണുന്നിടത്താണോ കൃഷ്ണന്‍ എന്നു ചോദിച്ച അധികാരത്തിന്റെ ഗര്‍വ്വും ദുഷ്പ്രഭുത്വവും ഡംഭും നിറഞ്ഞ അഹങ്കാരിയും അവിവേകിയുമായ ഈ മനുഷ്യന്‍, പഞ്ചപുച്ഛമടക്കി കോട്ടും സ്യൂട്ടുമിട്ട് കുനിഞ്ഞ് കുമ്പിട്ട് മാര്‍പാപ്പയ്ക്കു മുന്നില്‍ നിന്ന ചിത്രം മലയാളിയുടെ മുന്നിലുണ്ട്. പത്ത് വോട്ടിനുവേണ്ടി സംഘടിത മതക്കാരുടെ മുന്നില്‍ കുനിഞ്ഞു കുമ്പിട്ടു നിന്ന പിണറായിക്ക് ഈ ധാര്‍ഷ്ട്യവും അഹങ്കാരവും അസംഘടിതരായ ഭൂരിപക്ഷ ഹിന്ദുക്കളുടെ ക്ഷേത്രങ്ങളിലും കാര്യങ്ങളിലും മാത്രമേയുള്ളൂ. ഗുരുവായൂരില്‍ പിണറായി കാട്ടിക്കൂട്ടിയ അഭ്യാസങ്ങള്‍ ഒരു ജനപ്രതിനിധിക്കോ മുഖ്യമന്ത്രിക്കോ ഒരിക്കലും ഭൂഷണമല്ല. കേരളത്തിലെ വിശ്വാസികളും അവിശ്വാസികളുമായ മൂന്നേകാല്‍ കോടി ജനങ്ങളുടെ പ്രതിനിധിയാണ് മുഖ്യമന്ത്രി. സ്വന്തം അവിശ്വാസത്തിന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതിനൊപ്പം വിശ്വാസികളായ ജനകോടികളുടെ വിശ്വാസവും വികാരവും സംരക്ഷിക്കാനുള്ള ബാധ്യതയും മുഖ്യമന്ത്രിക്ക് ഉണ്ട്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ സഹായത്തോടെ, ഒത്താശയോടെ മുഖ്യമന്ത്രി നടത്തിയ നാടകങ്ങള്‍ ആ പദവിയുടെ അന്തസ്സിനെയും അന്തസ്സത്തയെയും ഇടിച്ചുതാഴ്ത്തുന്നതും ഇകഴ്ത്തുന്നതുമാണ്.

മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ക്ഷേത്രത്തിന്റേതല്ലാത്ത പരിപാടികള്‍ നടത്താറില്ല. ഗുരുവായൂരിലെ ഭക്തര്‍ക്കും വിശ്വാസികള്‍ക്കും അങ്ങനെയൊരു പരിപാടി നടത്തിയതായി ഓര്‍മ്മയുമില്ല. നൂറുകണക്കിന് ഭക്തര്‍ വിശ്വാസപൂര്‍വ്വം ഗാനാര്‍ച്ചന അവതരിപ്പിക്കുന്ന, ചെബൈ സംഗീതോത്സവം നടക്കുന്ന, നൂറുകണക്കിന് കുരുന്നുകള്‍ അരങ്ങേറ്റം നടത്തുന്ന മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലെ വേദിയില്‍ ആരും ചെരുപ്പ് ഇട്ട് കയറാറില്ല. കാരണം മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലെ വേദിയില്‍ നടക്കുന്നതെല്ലാം ഭഗവാന്‍ കാണുന്നു എന്നാണ് വിശ്വാസം. അടുത്ത ഒരു ഊഴം കൂടി പ്രസിഡണ്ടാകാന്‍ ഈ വേദിയിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചുകൊണ്ടുവന്ന, ചെരുപ്പ് ഇട്ട് കയറ്റിയ ഇപ്പോഴത്തെ ദേവസ്വം ചെയര്‍മാന്‍ മോഹന്‍ദാസിനെയും കാത്തിരിക്കുന്നത് എന്തെന്ന് കണ്ടുതന്നെ അറിയണം. ഒരു രണ്ടാമൂഴത്തിനു വേണ്ടി മുഖ്യമന്ത്രിയെ കൊണ്ടുവന്ന് എന്തെല്ലാം നാടകങ്ങളാണ് മോഹന്‍ദാസ് കാട്ടിക്കൂട്ടിയത്.

മുഖ്യമന്ത്രി വരുമ്പോള്‍ നട മറയാതിരിക്കാന്‍ മേല്‍ശാന്തിയെയും കീഴ്ശാന്തിമാരെയും ക്ഷേത്രത്തിനുള്ളില്‍ കയറ്റാതെ, നടയുടെ രണ്ടുവശത്തേക്കും വടം കെട്ടി ഭക്തരെ കയറ്റാതെ പെരുവഴിയില്‍ കാത്തുനിര്‍ത്തിച്ച് മുഖ്യമന്ത്രിക്ക് ദര്‍ശന സൗകര്യം ഒരുക്കി. ക്ഷേത്രനടയില്‍ വെച്ച ഭണ്ഡാരത്തിന് മുന്നില്‍ നിന്ന് ശ്രീലകത്ത് കത്തി നിന്നിരുന്ന നെയ്‌വിളക്ക് നോക്കി ആ വിളക്കിനു പിന്നിലാണോ കൃഷ്ണന്‍ എന്ന് ചോദിച്ച അജ്ഞാനിയും അവിശ്വാസിയും അഹങ്കാരിയുമായ പിണറായിയോട് ഗുരുവായൂരപ്പന്‍ പൊറുത്തേക്കും. ജീവിതം മുഴുവന്‍ ഊരിപ്പിടിച്ച കത്തിയും ഒടുങ്ങാത്ത ധാര്‍ഷ്ട്യവും മനസ്സു നിറയെ പകയും ഒക്കെയായി നടക്കുന്ന പിണറായിക്ക് ചേദി രാജാവായ ശിശുപാലന്റെ വിധിതന്നെയാണ് ശ്രീ ഗുരുവായൂരപ്പന്‍ ഒരുക്കി വെച്ചിട്ടുള്ളത്. ശിശുപാലന്‍ ഹിരണ്യകശിപുവിന്റെ പുനര്‍ജന്മം ആണെന്നുകൂടി അറിയുമ്പോഴാണ് ആസുരികതയുടെ തീവ്രത എത്രയെന്ന് ബോദ്ധ്യപ്പെടുക. 100 തവണ ശിശുപാലനോട് പൊറുത്ത ഗുരുവായൂരപ്പന്‍ പിണറായിയോടും പെറുക്കും. കാരണം ആ വിളക്കു കാണുന്നിടത്തുതന്നെയല്ലേ കൃഷ്ണനുള്ളത് എന്ന് ചോദിച്ച നാസ്തിക വിരോധഭക്തി, ചുണ്ടിലെ ചെറു പുഞ്ചിരിയോടെ, നിറകണ്ണിലെ ദൈന്യതയോടെ, ഗോപികമാരുടെ സ്വപ്‌നസുന്ദരനായ ഗോപാലബാലന്‍ അതേ കുസൃതിയോടെ സഹിച്ചെന്നുവരും. പിണറായിയുടെ ധാര്‍ഷ്ട്യത്തെ, തിരുനടയിലെ അവിവേകത്തെ, മഞ്ചാടി വാരിക്കളിക്കുന്ന കൊച്ചു കുഞ്ഞിന്റെ കൗതുകത്തോടെയേ കൃഷ്ണന്‍ കാണൂ. പക്ഷേ, ഭക്തരുടെ വികാരം അതല്ല.

പോപ്പിന്റെ മുന്നില്‍ മുട്ടുകുത്താന്‍ മടികാണിക്കാത്ത പിണറായിക്ക് ധിക്കാരം കാട്ടാനുള്ള സ്ഥലമാണോ ഗുരുവായൂര്‍. ഇത്തരമൊരു വേദിയൊരുക്കാന്‍ ദേവസ്വം പ്രസിഡണ്ട് അഡ്വ. മോഹന്‍ദാസിന് എങ്ങനെ ധൈര്യമുണ്ടായി. ആ നെയ്‌വിളക്കിനു പിന്നിലെ കൃഷ്ണന്റെ രൂപം അവിശ്വാസികളുടെ അഹങ്കാരപ്രകടനത്തിനുള്ളതല്ല. ഒരു നിമിഷമെങ്കിലും ആ മോഹനമുഗ്ദ്ധരൂപം കണ്ടാല്‍ സായൂജ്യമടയുന്ന, അതു മാത്രമാണ് ജീവിതസാക്ഷാത്കാരം എന്നു കരുതുന്ന ലക്ഷങ്ങള്‍ ലോകമെമ്പാടുമുണ്ട്. അവര്‍ നല്‍കുന്ന വഴിപാട് പണമാണ് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്റെ അഹങ്കാരത്തിന്റെയും അവിവേകത്തിന്റെയും ആധാരശിലയെന്ന് മറക്കരുത്. മുഖ്യമന്ത്രിയല്ല, പിണറായി എന്ന അവിവേകിയും അവിശ്വാസിയുമായ മനുഷ്യനുവേണ്ടി ഭഗവാന്റെ തിടമ്പേറ്റുന്ന ഗുരുവായൂര്‍ പത്മനാഭനെയും മറ്റും അണി നിരത്താന്‍ ആരാണ് ദേവസ്വം ചെയര്‍മാന് അധികാരം നല്‍കിയത്? അസംഘടിതരും അശരണരുമാണ് ഹിന്ദുക്കള്‍. അവരുടെ ജീവിതം സായൂജ്യമടയുന്നത് ഭഗവാന്റെ സ്പര്‍ശമേറ്റ ഒരു തുളസീദളത്തിലോ കതിരിലോ ഒക്കെയാണ്. ആ പാവങ്ങളുടെ വികാരത്തിലും അവരുടെ ഭക്തിയിലുമാണ് ദേവസ്വം ചെയര്‍മാന്‍ കൈവെയ്ക്കുന്നത്.

ഇത്തരം വൈകല്യമാര്‍ന്ന ആചാരധ്വംസനങ്ങളില്‍ നിന്ന് അധികാരസ്ഥാനത്തുള്ളവര്‍ മാറി നില്‍ക്കണം. നിങ്ങളുടെ അധികാരം ഊട്ടിയുറപ്പിക്കാനും വീണ്ടും അവസരങ്ങള്‍ നേടിയെടുക്കാനുമുള്ള കുറുക്കുവഴിയല്ല ഞങ്ങളുടെ ഉണ്ണിക്കണ്ണന്‍, ഗുരുവായൂരപ്പന്‍. ശബരിമല അയ്യപ്പനെയും ഗുരുവായൂരപ്പനെയും പത്മനാഭനെയും അന്ധവിശ്വാസികള്‍ എന്ന് നിങ്ങള്‍ ആക്ഷേപിക്കുന്ന പാവപ്പെട്ട വിശ്വാസികള്‍ക്ക് വിട്ടുകൊടുത്തുകൂടെ? നിങ്ങള്‍ക്ക് വേണ്ടതെല്ലാം വോട്ടടക്കം അസംഘടിതരും നിരാശ്രയരുമായ ഹിന്ദു സമൂഹം തരുന്നുണ്ടല്ലോ. പിണറായിയുടെ ഭാഷയില്‍ പറഞ്ഞാല്‍ എല്ലാ നികൃഷ്ടജീവികളെയും കുലംകുത്തികളെയും ഒന്നും പറയാതെ ഞങ്ങള്‍ ചുമന്നു നടക്കുന്നുണ്ടല്ലോ.

സപ്തര്‍ഷികളെക്കൊണ്ട് മഞ്ചല്‍ ചുമപ്പിക്കുകയും കാല്‍വിരല്‍ കൊണ്ട് ചവിട്ടി വേഗം വേഗം എന്നു പറയുകയും ചെയ്ത നഹുഷന്റെ കഥ കേട്ടിട്ടുണ്ട്. ബഹുമാനപ്പെട്ട പിണറായി, അങ്ങ് ഇപ്പോള്‍ കളിക്കുന്ന കളി നഹുഷന്റേതാണ്. ശബരിമല കഴിഞ്ഞ് ഗുരുവായൂരില്‍ പോയി ഇത്തരം ചീഞ്ഞ നാടകങ്ങള്‍ അങ്ങ് അരങ്ങേറുമ്പോള്‍ പുച്ഛത്തേക്കാള്‍ ദൈന്യതയാണ് തോന്നുന്നത്.

‘ഹന്ത ഭാഗ്യം ജനാനാം.’

1K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close