കോഴിക്കോട് : കൂടത്തായില്‍ ഒരു കുടുംബത്തിലെ ആറ് പേര് ദുരൂഹമായി മരിച്ച സംഭവം കൊലപാതകമെന്ന് സൂചന. മരിച്ചവരുടെ കല്ലറ തുറന്ന് ഇന്ന് അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. ഇതിന് ശേഷമാണ് മരണം കൊലപാതകമാണെന്ന് നിഗമനത്തിലേക്ക് ഉദ്യോഗസ്ഥര്‍ എത്തിയത്.
ആറ് പേരുടെയും മരണത്തിലെ സമാനതകള്‍ കൊലപാതകമാണെന്ന സംശയം നേരത്തെ തന്നെ ഉയര്‍ത്തിയിരുന്നു. കല്ലറയില്‍ നിന്നും ശേഖരിച്ച മൃതദേഹ ഭാഗങ്ങളുടെ ശാസ്ത്രീയ പരിശോധനാ ഫലം വന്നതിന് ശേഷമേ കൊലപാതകമാണെന്ന് സ്ഥിരീകരിക്കാനാകുള്ളൂ എന്ന് അന്വേഷണ സംഘം അറിയിച്ചു.
എല്ലാവരും മരിച്ചിരിക്കുന്നത് ഭക്ഷണം കഴിച്ച ശേഷമാണെന്നും ബാഹ്യമായ പദാര്‍ത്ഥം ഇവരുടെ ശരീരത്തിലേക്ക് എത്തിയിട്ടുണ്ടെന്നും എസ്പി കെ.ജി സൈമണ്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തവര്‍ സ്റ്റേഷന് പരിധി വിട്ട് പുറത്ത് പോകരുതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന് കൂടത്തായി പൊന്നാ മറ്റം ടോം തോമസ്, ഭാര്യ അന്നമ്മ, മകന് റോയ് തോമസ്, അന്നമ്മയുടെ സഹോദരന് മാത്യു ഇവരുടെ ബന്ധുവായ യുവതി ഇവരുടെ കുഞ്ഞ് എന്നിവരാണ് വര്‍ഷങ്ങളുടെ ഇടവേളകളില്‍ മരണപ്പെട്ടത്.
റോയ് തോമസിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്തപ്പോള്‍ ഉള്ളില്‍ വിഷാംശം ഉള്ളതായി കണ്ടെത്തിയിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഇവരുടെ ബന്ധു നല്കിയ പരാതിയെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്.