ന്യൂഡല്‍ഹി : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും. കൂടാതെ സൗദി ഭരണാധികാരികളുമായി അദ്ദേഹം ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുമെന്നും സൂചനയുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. റിയാദില്‍ നടക്കുന്ന നിക്ഷേപക സംഗമത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ സൗദി സന്ദര്‍ശനത്തിന് തൊട്ടു പിന്നാലെയാണ് പ്രധാനമന്ത്രി സൗദി സന്ദര്‍ശിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. അജിത് ഡോവലിന്റെ സൗദി സന്ദര്‍ശനം പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനുള്ള തയ്യാറെടുപ്പാണെന്ന രീതിയില്‍ നേരത്തെയും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇതിന് മുന്‍പ് 2016 ലാണ് നരേന്ദ്ര മോദി അവസാനമായി സൗദി സന്ദര്‍ശിച്ചത്