ന്യൂഡല്‍ഹി : യുവതലമുറയുടെ ആശയങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ യൂത്ത് കമ്പനി- ലാബ് പദ്ധതി നടപ്പിലാക്കി നീതി ആയോഗ്. അടല്‍ ഇന്നോവേഷന്‍ മിഷന്, യുണൈറ്റഡ് നേഷന്‍സ് ഡവലപ്മെന്റ് പ്രോഗ്രാം എന്നിവയുടെ സഹകരണത്തോടെയാണ് യുവാക്കള്‍ക്കായി നീതി ആയോഗ് പദ്ധതി നടപ്പിലാക്കുന്നത്. നാട്ടിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള ആശയങ്ങള്‍ യുവാക്കള്‍ക്ക് ഇതിലൂടെ പങ്ക് വയ്ക്കാം. 18 മുതല്‍ 29 വരെ പ്രായമുള്ള ആളുകള്‍ക്കായാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ആരംഭം എന്ന നിലയില്‍ ഇന്നവേഷന്‍ ചാലഞ്ചിനും തുടക്കമിട്ടിട്ടുണ്ട്. ഇതിന് ശേഷം അടല്‍ ഇന്നവേഷന്‍ ഇന്‍കുബേറ്ററിന്റെ സഹായത്തോടെ ആശയങ്ങള്‍ വികസിപ്പിക്കാനും അവസരം നല്‍കും. തിരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങള്‍ യുഎന്‍ഡിപിയുടെ റീജനല്‍ സെന്ററില്‍ അവതരിപ്പിക്കാനുള്ള അവസരവും യുവാക്കള്‍ക്ക് ലഭിക്കും. നവംബര്‍ നാലിന് മുന്‍പായി യുവാക്കള്‍ക്ക് ആശയങ്ങള്‍ സമര്‍പ്പിക്കാം.
ആശയങ്ങളും സംരംഭങ്ങളും കയ്യിലുള്ള യുവാക്കള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുകയാണ് യൂത്ത് കമ്പനി- ലാബിന്റെ ലക്ഷ്യം. രാജ്യത്തെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ഒത്തു പോകുന്ന സംരംഭങ്ങള്‍ക്കാണ് യൂത്ത് കമ്പനി ലാബ് പരിഗണന നല്‍കുന്നത്.