തിരുവനന്തപുരം: സംസ്ഥാനത്തെ എം.ബി.ബി.എസ് പരീക്ഷാ ഹാളുകളില്‍ വാച്ചും വളയും ഉപയോഗിക്കുന്നതിന് വിലക്ക്. ആരോഗ്യ സര്‍വകലാശാലയുടേതാണ് തീരുമാനം. ആറ് മെഡിക്കല്‍ കോളേജുകളില്‍ കോപ്പിയടി കണ്ടെത്തിയതിനെ തുടര്‍ന്നാണ് വാച്ച്, വള, മോതിരം, വലുപ്പമുള്ള മാലകള്‍, വെള്ളക്കുപ്പി എന്നിവയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്.
വിദ്യാര്‍ത്ഥികള്‍ക്ക് സമയം അറിയാന്‍ വേണ്ടി എല്ലാ പരീക്ഷാ ഹാളിലും ക്ലോക്കുകള്‍ സ്ഥാപിക്കാനും സര്‍വകലാശാല നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സാധാരണ ബോള്‍ പോയിന്റ് പേനകള്‍ മാത്രമെ ഉപയോഗിക്കാവൂവെന്നും ആരോഗ്യ സര്‍വകലാശാല നിര്‍ദ്ദേശിച്ചു. കൂടുതല്‍ കോളേജുകളില്‍ പരീക്ഷാ ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.
പരീക്ഷാ ക്രമക്കേടും കോപ്പിയടിയും തടയാന്‍ നിയന്ത്രണങ്ങള്‍ സഹായിക്കുമെന്നാണ് സര്‍വകലാശാലയുടെ വിലയിരുത്തല്‍. ആലപ്പുഴയിലെയും എറണാകുളത്തെയും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും എസ്.യു.ടി, അസീസീയ, എം.ഇ.എസ്, എസ്.ആര് തുടങ്ങിയ സ്വാശ്രയ കോളേജുകളിലുമാണ് കോപ്പിയടി കണ്ടെത്തിയത്.