തിരുവനന്തപുരം; മരട് മുനിസിപ്പാലിറ്റിയിലെ തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ പൊളിയ്ക്കാന്‍ ഏത് സാങ്കതിക വിദ്യയാണ് ഉപയോഗിക്കേണ്ടത് എന്ന് തീരുമാനിക്കാന്‍ കഴിയാതെ സര്‍ക്കാര്‍ വലയുന്നു. നഗരസഭയ്ക്കു ലഭിച്ച പൊളിക്കല്‍ ടെന്‍ഡറുകള്‍ പരിശോധിച്ച് ഉചിതമായ സാങ്കേതിക വിദ്യ നിര്‍ദേശിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ആറ് എന്ഞ്ചിനീയര്മാര്ക്കും സാധിച്ചിട്ടില്ല.
തുടര്‍ന്ന് തങ്ങളുടെ ഉദ്യോഗസ്ഥര്‍ക്കോ സര്‍ക്കാര്‍ അയച്ച എഞ്ചിനീയര്‍മാര്‍ക്കോ സാങ്കേതികവിദ്യയും മറ്റും നിശ്ചയിക്കാന്‍ കഴിയില്ലെന്നറിയിച്ച് മരട് നഗരസഭ സര്‍ക്കാരിന് കത്തു നല്കി. ഇത് കണക്കിലെടുത്ത് സാങ്കേതിക വിദ്യ നിര്‍ദേശിക്കാന്‍ പുതിയ 11 അംഗ വിദഗ്ധ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു.
തദ്ദേശ വകുപ്പിലെ ഒരു സൂപ്രണ്ടിങ് എന്‍ജിനീയര്‍ 2 അസി.എക്സിക്യൂട്ടീവ് എന്‍ഞ്ചിനീയര്‍മാര്‍, മൂന്ന് അസി. എഞ്ചിനീയര്‍മാര്‍ എന്നിവരും മലിനീകരണ നിയന്ത്രണ ബോര്‍ഡ്, പൊതുമരാമത്ത് വകുപ്പ്, തുടങ്ങിയവരില്‍ നിന്നും ഓരോ പ്രതിനിധികളും ഉള്‍പ്പെട്ടതാണ് പുതിയ സമിതി.