കോഴിക്കോട്: കൂടത്തായി കൊലപാതകങ്ങള്‍ക്ക് പിന്നില്‍ കൂടുതല്‍ ബന്ധുക്കളും സുഹൃത്തുക്കളും സഹായിച്ചിട്ടുണ്ടെന്ന് ജോളി മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. വ്യാജ സ്വത്തുണ്ടാക്കാന്‍ സഹായിച്ച റവന്യു ഉദ്യോഗസ്ഥന്, രണ്ട് ക്രിമിനല്‍ അഭിഭാഷകര്‍, പ്രദേശിക സഹായങ്ങള്‍ നല്കിയ രണ്ട് രാഷ്ട്രീയ നേതാക്കള്‍ എന്നിവരാണ് പൊലീസിന്റെ നിരീക്ഷണത്തിലുള്ളത്.
ഒരു രാഷ്ട്രീയ നേതാവ് ജോളിയ്ക്ക് നല്കിയ ഒരു ലക്ഷം രൂപയുടെ ചെക്കും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ജോളിയ്ക്ക് പണം നല്‍കിയത് എന്തിനാണെന്നറിയാന്‍ പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യും. ജോളിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള വിശദമായ രേഖകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ലക്ഷങ്ങളുടെ ഇടപാടുകളാണ് ജോളി നടത്തിയിരിക്കുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ജോളിയുടെ ഫോണ്‍ രേഖകളും പൊലീസ് പരിശോധിച്ചു. ജോളിയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ട് കൊണ്ടിരുന്നവരും പൊലീസിന്റെ നിരീക്ഷണത്തിലാണ്. ജോളിയുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചും കൂടുതല്‍ പരിശോധന നടക്കും. വ്യാജ സ്വത്തുണ്ടാക്കി എന്നാരോപിച്ച് നേരത്തെ ജോളിയ്ക്കെതിരെ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസ് വെറും സ്വത്ത് തര്‍ക്കമാണെന്ന് കാണിച്ച് താമരശ്ശേരി ഡിവൈഎസ്പി അന്ന് കേസ് എഴുതി തള്ളിയിരുന്നു. ഇത് സംബന്ധിച്ച് വീണ്ടും അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.