സത്യമപ്രിയം

ലൗജിഹാദും കേരളത്തിലെ മാദ്ധ്യമങ്ങളും

സത്മപ്രിയം - ജി.കെ. സുരേഷ് ബാബു

കഴിഞ്ഞദിവസം കോഴിക്കോട് നഗരത്തില്‍ വളരെ വ്യത്യസ്തമായ ഒരു സമരം നടന്നു. കേരളത്തിലെ പ്രമുഖ മാദ്ധ്യമങ്ങളൊന്നും തന്നെ ഈ സമരത്തെ കാര്യമായി കണ്ടില്ല, അറിഞ്ഞില്ല. തലസ്ഥാനത്തെ ഒരു പത്രത്തിന്റെയും ഒന്നാംപേജില്‍ പോയിട്ട് ഉള്‍പേജില്‍ പോലും ഇതിന്റെ വാര്‍ത്തയും കണ്ടില്ല. കോഴിക്കോട് നഗരത്തില്‍ തീവ്ര ഇസ്ലാമിക ഭീകരര്‍ നടത്തുന്ന ലൗജിഹാദ് നിര്‍ബ്ബന്ധിത മതപരിവര്‍ത്തനത്തിന് എതിരെ ക്രൈസ്തവ സഭകള്‍ നടത്തിയ സമരമായിരുന്നു ഇത്.

ഒരു സ്വകാര്യ ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കാനെത്തിയ ക്രിസ്ത്യന്‍ പെണ്‍കുട്ടിയായ സഹപാഠിയെ സൗഹൃദത്തിന്റെ പേരില്‍ പുറത്തു കൊണ്ടുപോവുകയും മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കിയ ശേഷം പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ എടുക്കുകയുമായിരുന്നു പീഡകന്‍ ചെയ്തത്. തുടര്‍ന്ന് ഇസ്ലാംമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ പെണ്‍കുട്ടിയെ നിര്‍ബ്ബന്ധിക്കുകയായിരുന്നു. സമ്മര്‍ദ്ദം ശക്തമാവുകയും ചതി ബോദ്ധ്യപ്പെടുകയും ചെയ്തപ്പോള്‍ പെണ്‍കുട്ടി കോഴിക്കോട് പോലീസില്‍ പരാതി നല്‍കി. പരാതി നല്‍കിയിട്ട് ഇപ്പോള്‍ രണ്ടുമാസം കഴിഞ്ഞു. രണ്ടുമാസം വരെ ഈ പരാതിയില്‍ ഒരു നടപടിയും എടുക്കാതെ പ്രതിയെ അറസ്റ്റ് ചെയ്യാതെ അടയിരിക്കുകയായിരുന്നു കോഴിക്കോട് പോലീസ്. ഇതുസംബന്ധിച്ച് ജനം ടിവിയാണ് വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. തുടര്‍ന്ന് പോലീസ് നടപടി ശക്തിപ്പെടുത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ചലച്ചിത്ര സംവിധായകനും സാമൂഹ്യ പ്രവര്‍ത്തകനുമായ അലി അക്ബര്‍ അടക്കം നിരവധി പ്രമുഖര്‍ ഈ സംഭവത്തില്‍ രംഗത്തുവന്നു. കളക്‌ട്രേറ്റിലേക്ക് നടത്തിയ ക്രൈസ്തവ സഭകളുടെ പ്രതിഷേധമാര്‍ച്ച് ഉദ്ഘാടനം ചെയ്തത് അലി അക്ബര്‍ ആയിരുന്നു.

കേരളത്തില്‍ ലൗജിഹാദ് എന്ന ഒരു സംഭവം ഇല്ലെന്നു വരുത്താനാണ് മുഖ്യാധാരാ മാധ്യമങ്ങള്‍ എല്ലാ കാലവും ശ്രമിച്ചത്. കേരള കൗമുദിയും ജന്മഭൂമിയും കേസരി വാരികയും മാത്രമാണ് ലൗജിഹാദിന്റെ പിന്നിലെ ക്രൂരതയും ജീര്‍ണ്ണതയും പുറത്തുവിട്ടത്. സംസ്ഥാന പോലീസിലാകട്ടെ, ഇന്റലിജന്‍സിന്റെ ചുമതല ഉണ്ടായിരുന്ന കാലം മുതല്‍ തന്നെ ടി പി സെന്‍കുമാര്‍ മാത്രമാണ് ഇങ്ങനെയൊരു സംഭവം ഉണ്ടെന്നും ഇത് കേരള സമൂഹത്തെ മുഴുവന്‍ ഗ്രസിക്കുന്ന ആപത്കരമായ നീക്കമാണെന്നും തുറന്നുപറഞ്ഞത്. കോഴിക്കോട്ടെ ലൗജിഹാദ് കെണിയില്‍ ക്രൈസ്തവ വിശ്വാസികളായ 31 പെണ്‍കുട്ടികളെങ്കിലും പെട്ടതായാണ് ക്രൈസ്തവ സംഘടനാ നേതാക്കള്‍ പറയുന്നത്. ക്രൈസ്തവ സഭകള്‍ സംസ്ഥാനത്തുടനീളം ഇതിനെതിരെ ജാഗ്രത പാലിക്കാനും ബോധവത്കരണം നടത്താനുമുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

എന്നാല്‍ ലൗജിഹാദ് ക്രൈസ്തവരേക്കാള്‍ കൂടുതല്‍ ബാധിച്ചിരിക്കുന്നത് കേരളത്തിലെ ഹിന്ദു സമൂഹത്തെയാണ്. വൈക്കത്തെ അഖിലാ കേസോടെയാണ് ഇതിന്റെ വിശദാംശങ്ങള്‍ കേരള സമൂഹത്തില്‍ പുറത്തുവന്നത്. അഖില, അപര്‍ണ്ണ, ആതിര, അനൂജ, നിമിഷ തുടങ്ങി മതപരിവര്‍ത്തനത്തിന് വിധേയരാവുകയും മരണം വരെ വരിക്കേണ്ടി വന്നവരും ഇസ്ലാമിക ഭീകര്‍ക്ക് ലൈംഗിക അടിമകളാക്കാന്‍ വേണ്ടി, ആടുമേയ്ക്കാന്‍ എന്ന പേരില്‍ നാട് കടത്തപ്പെട്ട പെണ്‍കുട്ടികളും നിരവധിയാണ്. ലൈംഗികമായി പീഡിപ്പിക്കപ്പെട്ട്, ചതിക്കപ്പെട്ട്, മതപരിവര്‍ത്തനത്തിന് നിര്‍ബ്ബന്ധിതരാകുമ്പോള്‍ ഒന്നുകില്‍ മതം മാറുക, അല്ലെങ്കില്‍ ആത്മഹത്യ എന്ന വഴിത്തിരിവില്‍ എത്തപ്പെടുന്ന പെണ്‍കുട്ടികള്‍ നിരവധിയാണ്. ക്രൈസ്തവസഭകള്‍ ഇതിനെതിരെ സംഘടിതമായി നീങ്ങുമ്പോഴും കേരളത്തിലെ ഹിന്ദു സാമുദായിക സംഘടനകള്‍ ഈ സംഭവത്തെ കണ്ടതായി പോലും നടിക്കുന്നില്ല. ഒരു ജാതി ഒരു മതം ഒരു ദൈവം എന്നുപറഞ്ഞ ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങളില്‍ ജീവിക്കുന്ന ഈഴവ സമുദായത്തില്‍ പെട്ടവരെയാണ് ഈ ഇസ്ലാമിക ഭീകരര്‍ ഇന്ന് ഏറ്റവും കൂടുതല്‍ ലക്ഷ്യമിടുന്നത്.

ശരിയായ പ്രണയത്തിന്റെ പേരില്‍ ഏതെങ്കിലും പെണ്‍കുട്ടികളും ആണ്‍കുട്ടികളും വിവാഹിതരാകുന്നതിനോ ജീവിക്കുന്നതിനോ ആരും എതിരല്ല. സ്വന്തം മതം വളര്‍ത്താന്‍ വേണ്ടി ഓരോ ഇരയ്ക്കും നിശ്ചിത തുക പറഞ്ഞ് പെണ്‍കുട്ടികളുടെ കൂടി സഹായത്തോടെ മതപരിവര്‍ത്തനം ചെയ്യാനുള്ള ആസൂത്രിതമായ കെണിയും ചതിയുമാണ് ഇന്ന് അരങ്ങേറുന്നത്. ഇതിന് ഇരയാകുന്നത് സാധാരണക്കാരില്‍ സാധാരണക്കാരായ, നിരപരാധികളായ ഹിന്ദു പെണ്‍കുട്ടികളാണ്. ഈ ഹിന്ദു പെണ്‍കുട്ടികളെയും ക്രൈസ്തവ പെണ്‍കുട്ടികളെയും കെണിയില്‍ വീഴ്ത്തിയാലുടന്‍ മതപരിവര്‍ത്തനത്തിനായി എത്തിക്കുന്നത് മലപ്പുറത്തെ സത്യസരണിയിലും പൊന്നാനിയിലുമാണ്. അവിടെ മതം പഠിപ്പിക്കുകയാണത്രെ. ഒരു ജനാധിപത്യ രാജ്യത്തില്‍ ഇത്തരം നടപടികള്‍ ശരിയാണോ? ഭാരതം വിഭജിക്കപ്പെടുമ്പോള്‍ പാക്കിസ്ഥന്‍ ഇസ്ലാമിക രാഷ്ട്രവും ഇന്ത്യ ജനാധിപത്യ രാഷ്ട്രവുമായി മാറുകയായിരുന്നു. ഹിന്ദു ഭൂരിപക്ഷം ഉണ്ടായിട്ടും ഇന്ത്യ ഹിന്ദുരാഷ്ട്രമായില്ല. ഇന്ന് ഇസ്ലാമിക രാഷ്ട്രമായ പാക്കിസ്ഥാനിലെ ഹിന്ദു ന്യൂനപക്ഷം അനുഭവിക്കുന്ന പീഡനങ്ങളുടെയും വംശീയ വിദ്വേഷത്തിന്റെയും മതവൈരത്തിന്റെയും ഒരുഭാഗം പോലും ഇന്ത്യയിലെ മുസ്ലീങ്ങള്‍ അനുഭവിക്കുന്നില്ലെന്ന് പറഞ്ഞത് അലി അക്ബറും പ്രൊഫ. എം എന്‍ കാരശ്ശേരിയും ഹമീദ് ചേന്ദമംഗലൂരും ഒക്കെയാണ്. മുസ്ലീം ജനസംഖ്യ കൂടുതലുള്ള കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ ഹിന്ദു സമൂഹം പാക്കിസ്ഥാനിലെ അതേ അവസ്ഥയില്‍ കൂടി തന്നെ കടന്നുപോകുന്നു എന്ന് കാണുമ്പോഴാണ് ദുരന്തത്തിന്റെ ആഘാതം വ്യക്തമാവുക. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ സര്‍ക്കുലേഷന്റെയും വ്യൂവര്‍ഷിപ്പിന്റെയും പേരില്‍ ഇത്തരം സംഭവങ്ങളോട് മുഖം തിരിഞ്ഞ് നില്‍ക്കുകയാണ്. സംഘടിത മതവിഭാഗങ്ങള്‍ വിചാരിച്ചാല്‍ പത്രത്തിന്റെ സര്‍ക്കുലേഷനോ ചാനലിന്റെ വ്യൂവര്‍ഷിപ്പോ കുറയുമെന്ന ഭീതിയിലാണവര്‍. ചില പ്രത്യേക മതവിഭാഗങ്ങളുടെ വാര്‍ത്ത കൊടുക്കുന്നതില്‍ പോലും ഈ വ്യത്യാസം കാണാന്‍ കഴിയും.

ഇതിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണമാണ് കഴിഞ്ഞദിവസം മാതൃഭൂമി ദിനപത്രത്തില്‍ അടുത്തടുത്തായി വന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ രണ്ട് ആത്മഹത്യാ സംഭവങ്ങള്‍. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് കൊച്ചി അമൃതാ മെഡിക്കല്‍ കോളേജിലെ ഒരു വിദ്യാര്‍ത്ഥിനി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. മാതൃഭൂമി നല്‍കിയ വാര്‍ത്തയില്‍ വിദ്യാര്‍ത്ഥിനിയുടെ പേരും അമൃതാ മെഡിക്കല്‍ കോളേജിന്റെ പേരും വിശദാംശങ്ങളും എല്ലാം കൊടുത്തിരിക്കുന്നു. തൊട്ടു താഴെ തന്നെ കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവമുണ്ട്. ഈ വാര്‍ത്തയില്‍ മെഡിക്കല്‍ കോളേജിന്റെ പേരില്ല. ഇത്തരം പക്ഷഭേദത്തിനും സത്യം മറച്ചുവെയ്ക്കലിനും പിന്നില്‍ എന്താണെന്ന് വ്യക്തമാക്കേണ്ടത് മാതൃഭൂമിയുടെ നായകര്‍ തന്നെയാണ്. അമൃതാ മെഡിക്കല്‍ കോളേജിന്റെ പേര് കൊടുക്കുമ്പോള്‍ അതേ സംഭവത്തില്‍ അതേ പേജില്‍, അതേ വാര്‍ത്തയില്‍ എങ്ങനെയാണ് അസീസിയയുടെ പേര് ഇല്ലാതാകുന്നത്.

കോഴിക്കോട്ടെ ക്രൈസ്തവസഭകളുടെ പ്രതിഷേധത്തിന് ഒരു മറുവശം കൂടിയുണ്ട്. അത് ഝാര്‍ഖണ്ഡില്‍ മലയാളിയായ ക്രൈസ്തവ പുരോഹിതന്‍ തൊടുപുഴ സ്വദേശി ഫാ. ബിനോയ് ജോണ്‍ അറസ്റ്റിലായതാണ്. ഭഗത്പൂര്‍ റോമന്‍ കത്തോലിക്കാ സഭയുടെ രാജാഥാ മിഷനില്‍ പ്രവര്‍ത്തിക്കുന്ന ഫാ. ബിനോയ് വനവാസികളെ നിര്‍ബ്ബന്ധിത മതപരിവര്‍ത്തനം നടത്തിയതിനാണ് അറസ്റ്റിലായത്. 2001 ലെ സെന്‍സസ് കണക്ക് അനുസരിച്ച് 10.93 ശതമാനം ആയിരുന്നു ഝാര്‍ഖണ്ഡിലെ ക്രൈസ്തവരുടെ എണ്ണം. 2011 ല്‍ ഇത് 30 ശതമാനമായി കൂടി. തുടര്‍ന്നാണ് നിബ്ബന്ധിച്ചും പ്രലോഭിപ്പിച്ചുമുള്ള മതപരിവര്‍ത്തനത്തിന് എതിരെ ഝാര്‍ഖണ്ഡി നിയമം കൊണ്ടുവന്നതും ഫാ. ബിനോയ് അറസ്റ്റിലായതും. തുടര്‍ന്ന് ബി ജെ പി മതപീഡനം നടത്തുന്നു എന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കളും ക്രൈസ്തവ സഭകളും രംഗത്തുവന്നു. ചില എം പിമാര്‍ പോലും പ്രസ്താവനയിറക്കി. കോണ്‍ഗ്രസ് എന്നും ക്രൈസ്തവ കോണ്‍ഗ്രസ് ആയതുകൊണ്ട് ഇക്കാര്യത്തില്‍ മറ്റൊന്നു പ്രതീക്ഷിക്കേണ്ട. വനവാസികളുടെയും ഗോത്രവര്‍ഗ്ഗങ്ങളുടെയും സംസ്‌കാരം കൂടി നശിക്കുന്ന മതപരിവര്‍ത്തന ശ്രമങ്ങളാണ് ക്രൈസ്തവസഭ നടത്തിക്കൊണ്ടിരിക്കുന്നത്. ക്രൈസ്തവ സഭകളും ഇസ്ലാമിക ഭീകരരും നടത്തുന്ന ഈ മതപരിവര്‍ത്തനശ്രമങ്ങള്‍ ഒരേ നാണയത്തിന്റെ രണ്ടു വശങ്ങള്‍ തന്നെയല്ലേ? ഒരുവിഭാഗം ആക്രമണവും ചതിയും വഞ്ചനയും ആയുധമാക്കുമ്പോള്‍ മറുവിഭാഗം കാരുണ്യവും സ്‌നേഹവും വഞ്ചനയും ആയുധമാക്കുന്നു എന്ന വ്യത്യാസം മാത്രമല്ല ഉള്ളത് എന്ന കാര്യം ക്രൈസ്തവ സഭകളും പരിഗണിക്കണം. ശ്രീ. കെ എസ് സുദര്‍ശന്‍ജി ആര്‍ എസ് എസ് സര്‍സംഘചാലക് ആയിരുന്ന കാലത്ത് റിട്ട. ജസ്റ്റിസ് കെ ടി തോമസ് മുന്‍കൈ എടുത്ത് ക്രൈസ്തവ-ആര്‍ എസ് എസ് സംവാദം നടന്നിരുന്നു. ആ സംവാദത്തിലും ഉരുത്തിരിഞ്ഞു വന്ന ഏറ്റവും വലിയ പ്രശ്‌നം മതപരിവര്‍ത്തനം തന്നെയായിരുന്നു. ഭാരതം പോലെ ഒരു ജനാധിപത്യ രാജ്യത്ത് മതങ്ങള്‍ ആളെ പിടിക്കുന്ന പ്രാപ്പിടിയന്മാരാകുന്നതിനു പകരം അതത് മതത്തില്‍ ജീവിക്കാന്‍ അനുവദിച്ചുകൂടേ? ഇവിടെ മതം അല്ല പ്രശ്‌നം. ഈ രാഷ്ട്രത്തിന്റെ സത്തയാണ് പ്രശ്‌നം. ഭാരതത്തെ ഇസ്ലാമിക രാഷ്ട്രമോ ക്രൈസ്തവ രാഷ്ട്രമോ ആക്കി മാറ്റാനുള്ള ചില ശക്തികളുടെ ശ്രമമാണ് ഇതിന്റെ പിന്നിലെന്ന യാഥാര്‍ത്ഥ്യം ഇനിയും മനസ്സിലാകാത്തത് ഹിന്ദുക്കള്‍ക്കു മാത്രമാണ്. പ്രത്യേകിച്ചും കേരളത്തിലെ സാമുദായിക സംഘടനാ നേതാക്കള്‍ക്ക്.

360 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close