ന്യൂഡല്‍ഹി: പെണ്‍കുട്ടികള്‍ മാത്രം അടങ്ങുന്ന ആദ്യ എന്‍സിസി യൂണിറ്റ് ജെഎന്‍യുവില്‍ ആരംഭിച്ചു. 18 വിദ്യാര്‍ത്ഥികളാണ് യൂണിറ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. എന്‍സിസി യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികളുടെ നിയമം കാത്തുസംരക്ഷിക്കുന്നതിനൊപ്പം രാജ്യസ്നേഹം വളര്‍ത്താനും സഹായിക്കുമെന്ന് വൈസ്ചാന്‍സലര്‍ ജഗദേഷ് കുമാര്‍ അഭിപ്രായപ്പെട്ടു.
എന്‍സിസി പരിശീലനം ഓരോരുത്തരെയും നല്ലൊരു വ്യക്തികളാക്കാന്‍ സാഹയിക്കുമെന്നും നിങ്ങള്‍ മറ്റുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയാകണമെന്നും ജഗദേഷ് കുമാര്‍ പറഞ്ഞു. ജീവിതത്തിന്റെ നല്ല മൂല്യങ്ങളെ പഠിക്കാനും ധാര്‍മ്മിക ബോധം വളര്‍ത്താനും എന്‍സിസിയില്‍ പ്രവര്‍ത്തിക്കുന്നതിലൂടെ സാധിക്കുമെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. വിദ്യാര്‍ത്ഥികളില്‍ ദേശസ്നേഹപരമായ പ്രതിബദ്ധത വളര്‍ത്തുക എന്നതാണ് യൂണിറ്റിന്റെ ലക്ഷ്യമെന്ന് എന്‍സിസി യൂണിറ്റ് ചെയര്‍പേഴ്സണ്‍ ബുദ്ധ സിംഗ് പറഞ്ഞു.
എഴുപതോളം വിദ്യാര്‍ത്ഥികളാണ് എന്‍സിസിയില്‍ ചേരാനായി അപേക്ഷ നല്‍കിയിരുന്നതെങ്കിലും കായിക ക്ഷമതയുടെയും പ്രായത്തിന്റെയും അടിസ്ഥാനത്തില്‍ 18 പെണ്‍കുട്ടികളെ തെരഞ്ഞെടുക്കുകയായിരുന്നു. എന്‍സിസി ബറ്റാലിയനിലെ മൂന്ന് വനിതകളാണ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്. അടുത്ത വര്‍ഷം ആണ്‍കുട്ടികള്‍ക്കും പരിശീലനം നല്‍കുമെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.