എറണാകുളം : നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 15 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. സംഭവത്തില്‍ മലപ്പുറം സ്വദേശിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. തെയ്യാമല ഒമച്ചപ്പുഴ കടവുച്ചേരി വീട്ടില്‍ ഹസ്രത്തിനെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്.
ഇന്ന് പുലര്‍ച്ചെ എയര്‍ ഇന്ത്യാ വിമാനത്തിലാണ് ഇയാള്‍ എത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നാല് സ്വര്‍ണ ബിസ്ക്കറ്റുകളാണ് ഇയാളുടെ പക്കല്‍ നിന്നും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. എല്‍ഇഡി ലൈറ്റിനകത്തായിരുന്നു ഇയാള്‍ സ്വര്‍ണം ഒളിപ്പിച്ചത്.
കഴിഞ്ഞ മാസവും വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണ്ണം പിടികൂടിയിരുന്നു. 65 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ തെങ്കാശി സ്വദേശികളായ ദമ്പതികളെ അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം ഇവിടെ നിന്നും രണ്ട് കോടി രൂപ വിലവരുന്ന മയക്കു മരുന്നും പിടികൂടിയിരുന്നു.