മുംബൈ: പഞ്ചാബ് മഹാരാഷ്ട്ര ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മുന്‍ ചെയര്മാന് വാര്യംസിംഗ്, റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ എച്ച്ഡിഐഎല്ലിന്റെ ഡയറക്ടര്‍മാരായ സാരംഗ് വധാവന്, രാകേഷ് വധാവന് എന്നിവരെ ഒക്ടോബര്‍ 14 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ബാങ്കിന്റെ മുന്‍ എംഡി ജോയ് തോമസിനെ മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ചോദ്യം ചെയ്ത് വരികയാണ്.
ആകെ വായ്പയുടെ 20 ശതമാനം മാത്രമെ ഒരാള്‍ക്ക് വായ്പ അനുവദിക്കാന്‍ പാടുള്ളു എന്ന വ്യവസ്ഥ മറികടന്നാണ് ബാങ്ക് 6500 കോടി രൂപ എച്ച്ഡിഐഎല്ലിന് മാത്രം വായ്പയായി നല്‍കിയത്. ബാങ്ക് ചെയര്മാന് വാര്യം സിംഗിന്റെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്ന് റിസര്‍വ് ബാങ്ക് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എച്ച്ഡിഐഎല്ലില്‍ ഇയാള്‍ക്ക് നിക്ഷേപമുണ്ടെന്നും റിസര്‍വ് ബാങ്ക് കണ്ടെത്തിയിരുന്നു.
വായ്പ അനുവദിക്കുന്ന വിവരം ഓഡിറ്റര്‍മാരില്‍ നിന്നും ബോര്‍ഡ് അംഗങ്ങളില്‍ നിന്നും മറച്ച് വെച്ചിരുന്നതായി മുന്‍ എംഡി ജോയ് തോമസ് റിസര്‍വ് ബാങ്കിനയച്ച കത്തില്‍ വെളിപ്പെടുത്തിയിരുന്നു.