തിരുവനന്തപുരം: പിഎസ്സി ചോദ്യപേപ്പറുകള്‍ ഇംഗ്ലീഷിനൊപ്പം മലയാളത്തിലും തയ്യാറാക്കാന്‍ പി.എസ്.സിയെ സഹായിക്കുന്നതിന് ഉപസമിതി രൂപീകരിക്കും. സര്‍വകലാശാലകളുടെയും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും പ്രതിനിധികളുളള ഉപസമിതി രൂപീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചുചേര്‍ത്ത വൈസ് ചാന്‍സലര്‍മാരുടെ യോഗത്തില്‍ തീരുമാനമായി.
ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി. കാര്ത്തികേയന് നായര്‍ കണ്‍വീനറായ സമിതിയില്‍ മലയാളം, സംസ്കൃതം സര്‍വകലാശാലകളുടെയും കേരള, മഹാത്മാ ഗാന്ധി, കോഴിക്കോട്, കണ്ണൂര്‍ സര്‍വകലാശാലകളുടെയും പ്രതിനിധികള്‍ ഉണ്ടാകും. ഇംഗ്ലീഷിലും മലയാളത്തിലും ചോദ്യങ്ങള്‍ തയ്യാറാക്കാന്‍ പ്രാപ്തിയുള്ള അധ്യാപകരെ കണ്ടെത്താനും സാങ്കേതിക പദങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാനുമുള്ള സഹായം ഉറപ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഉപസമിതി സമര്‍പ്പിക്കും.
യോഗത്തില്‍ പി.എസ്.സി. ചെയര്മാന് അഡ്വ. എം.കെ. സക്കീര്‍, മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. കാര്ത്തികേയന് നായര്‍, ഡോ. വി.പി. മഹാദേവന് പിള്ള (കേരള), ഡോ. കെ.സി. സണ്ണി (നിയമ സര്‍വകലാശാല), ഡോ. രാജശ്രീ (എ.പി.ജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല), ഡോ. റിജി ജോണ്‍ (ഫിഷറീസ് സര്‍വകലാശാല), ഡോ. ഗോപിനാഥ് രവീന്ദ്രന് (കണ്ണൂര്‍), ഡോ. മുഹമ്മദ് ബഷീര്‍ (കോഴിക്കോട്), പ്രൊഫ. സാബു തോമസ് (മഹാത്മാ ഗാന്ധി), ഡോ. പി.ജി ശങ്കരന് (കുസാറ്റ്), ഡോ. എ. നളിനാക്ഷന് (ആരോഗ്യ സര്‍വകലാശാല), ഡോ. ആര്. ചന്ദ്രബാബു (കാര്‍ഷിക സര്‍വകലാശാല), ഡോ. ധര്‍മ്മരാജ് അടാട്ട് (സംസ്കൃതം), ചീഫ് സെക്രട്ടറി ടോം ജോസ്, ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ് തുടങ്ങിയവര്‍ പങ്കെടുത്തു.
സര്‍വകലാശാലാ ബിരുദം യോഗ്യതയായിട്ടുള്ള പരീക്ഷകള്‍ക്ക് മലയാളത്തിലും ചോദ്യങ്ങള്‍ ലഭ്യമാക്കാന്‍ പ്രയാസമില്ല എന്ന അഭിപ്രായമാണ് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറും വൈസ്ചാന്‍സലര്‍മാരും പ്രകടിപ്പിച്ചത്. ഇതിനാവശ്യമായ സഹായം ലഭ്യമാക്കാമെന്ന് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഉറപ്പ് നല്‍കിയിട്ടുണ്ട്.