കൊല്ലം : പത്തനാപുരത്ത് പേപ്പട്ടിയുടെ ആക്രമണത്തില്‍ പത്ത് പേര്‍ക്ക് പരിക്ക്. പത്തനാപുരം കടക്കാമണ്‍ കോളനിയിലെ താമസിക്കാര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റവരില്‍ നാല് പേര് കുട്ടികളാണ്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
കളിച്ചുകൊണ്ടിരുന്ന കുട്ടികളെയാണ് പേപ്പട്ടി ആദ്യം ആക്രമിച്ചത്. കുട്ടികളെ ആക്രമിച്ച ശേഷം വീടിന് പുറത്തു നിന്നവരെയും പേപ്പട്ടി കടിച്ച് പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ നാല് കുട്ടികള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ട് കുട്ടികളുടെ മുഖത്താണ് പേപ്പട്ടി കടിച്ചത്. പരിക്കേറ്റ ബാക്കിയുള്ളവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പ്രദേശത്തെ വളര്‍ത്ത് മൃഗങ്ങളെയും പേപ്പട്ടി ആക്രമിച്ചിട്ടുണ്ട്.
കുറച്ച് നാളായി പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. ഇത് ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ പിറവന്തൂര്‍ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതിയും നല്‍കിയിരുന്നു. എന്നാല്‍ അധികൃതര്‍ ഇത് വരെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.