ദമാസ്കസ്: വടക്കന്‍ സിറിയയില്‍ കുര്‍ദിഷുകള്‍ക്ക് നേരെ തുര്‍ക്കി നടത്തിയ വ്യോമാക്രണത്തില്‍ 15 പേര് കൊല്ലപ്പെട്ടു. ബോംബ് ആക്രമണത്തില്‍ നാല്പത്തോളം പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തില്‍ രണ്ട് സാധാരണക്കാരും കൊല്ലപ്പെട്ടതായി സിറിയയിലെ മനുഷ്യാവകാശ നിരീക്ഷകര്‍ അറിയിച്ചു.
കുര്‍ദുകളുടെ നിയന്ത്രണത്തിലുള്ള വടക്കുകിഴക്കന്‍ പ്രദേശത്താണ് തുര്‍ക്കികളുടെ ആക്രമണം ഉണ്ടായത്. തുര്‍ക്കിയുടെ ആക്രമണം ആരംഭിച്ചതോടെ ആയിരക്കണക്കിന് ആളുകള്‍ കൂട്ടപലായനം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
ആക്രമണത്തിനു പിന്നാലെ ന്യായീകരണവുമായി തുര്‍ക്കി പ്രസിഡന്റ് റീസെപ് തയ്യിപ് എര്ദോഗന് രംഗത്തെത്തിയിരുന്നു. കുര്‍ദിഷ് സേനകളില്‍ നിന്ന് സുരക്ഷിതമായ ഒരു മേഖല സൃഷ്ടിക്കുന്നതിനാണ് നടപടി ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ തുര്‍ക്കി വിമാനങ്ങള്‍ ജനവാസ മേഖലകളില്‍ ബോംബ് വര്‍ഷിച്ചതായി കുര്‍ദിഷ് നേതൃത്വത്തിലുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സ് (എസ്ഡിഎഫ്) ആരോപിച്ചു.
കഴിഞ്ഞ ഞായറാഴ്ച വടക്കന്‍ സിറിയയില്‍ നിന്ന് സൈനികരെ പിന്‍വലിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനിച്ചിരുന്നു. ഇതിനെ പിന്നാലെയാണ് തുര്‍ക്കി സിറിയയില്‍ ആക്രമണം നടത്തിയത്. സിറിയയില്‍ ആക്രമണം നടത്തിയാല്‍ തുര്‍ക്കിയുടെ സമ്പത്ത് വ്യവസ്ഥ തകര്‍ക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു.